കോണത്താറ്റ് പാലം പൊളിച്ചു തുടങ്ങി

post

7.94 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം നിർമിക്കുന്നത്

പുതിയ പാലം നിർമിക്കുന്നതിനായി കുമരകം കോണത്താറ്റ് പാലം പൊളിച്ചു തുടങ്ങി. നവംബർ 1ന് രാവിലെ എട്ടിനാണ് പാലം പൊളിക്കൽ ജോലികൾ ആരംഭിച്ചത്. സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പാലം സന്ദർശിച്ച് ഗതാഗത ക്രമീകരണങ്ങളും പ്രവൃത്തികളും വിലയിരുത്തി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഗതാഗതം ക്രമീകരിക്കാൻ പൊലീസിന് മന്ത്രി നിർദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ഗ്രാമപഞ്ചായത്തംഗം ദിവ്യ ദാമോദരൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കോട്ടയം-കുമരകം റോഡിൽ ഗതാഗതക്കുരുക്ക് നേരിടുന്ന ഇടുങ്ങിയ പാലമാണ് കോണത്താറ്റ് പാലം. നാലുമീറ്ററായിരുന്നു പാലത്തിന്റെ വീതി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രി മുൻകൈയെടുത്താണ് പുതിയ പാലം നിർമിക്കുന്നതിന് നടപടികൾ സ്വീകരിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ കിഫ്ബി മുഖേന 7.94 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം നിർമിക്കുക.

26.20 മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലുമാണ് പാലം നിർമാണം. ഇരുവശങ്ങളിലുമായി 55, 34 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കും. 18 മാസമാണ് നിർമാണ കാലാവധി. നിർമാണ സമയത്ത് വാഹനങ്ങൾ കടന്നുപോകുന്നതിന് പാലത്തിന്റെ ഇടതുവശത്തായി 150 മീറ്റർ നീളത്തിൽ സർവീസ് റോഡ് നിർമിച്ചിട്ടുണ്ട്.