ലഹരി മാഫിയായ്ക്ക് മുന്നറിയിപ്പായി അടൂര്‍ നഗരത്തില്‍ മനുഷ്യശൃംഖല

post

കേരളത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികളെ വഴിതെറ്റിക്കാന്‍ ലഹരിമാഫിയ ശ്രമിക്കുകയാണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി അടൂരില്‍ സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലയ്ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍.വിദ്യാര്‍ഥികളുടെ ഭാവിയെ ഇല്ലാതാക്കി ജീവിതത്തിന് കോട്ടം തട്ടുന്ന തരത്തില്‍ കുടുംബത്തേയും സമൂഹത്തേയും ലഹരി ഉപയോഗം നശിപ്പിക്കുന്നു. അതിനാല്‍, കേരളത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന മയക്കുമരുന്ന് ശൃംഖലയെ ഇല്ലാതാക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. അതിനെ നിയമസഭ ഒന്നടങ്കം കക്ഷി രാഷ്ട്രീയഭേദമില്ലാതെ പിന്തുണച്ചു. അതിന്റെ ഭാഗമായാണ് കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന മയക്കുമരുന്നിന് എതിരായ ജനകീയ യുദ്ധമാണ് ഒക്ടോബര്‍ രണ്ട് മുതല്‍ ആരംഭിച്ചത്. വലിയ പിന്തുണയും സ്വീകാര്യതയും ആണ് ഈ പരിപാടിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യശൃംഖല അടൂര്‍ യുഐടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്ത് സമാപിച്ചു. അടൂര്‍ നഗരസഭ, എക്സൈസ് വകുപ്പ്, വിമുക്തി ജില്ലാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അടൂര്‍ നഗര പ്രദേശങ്ങളിലെ സ്‌കൂളുകള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍, ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജ്, മാര്‍ ക്രിസോസ്റ്റം കോളജ്, ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജ്, അടൂര്‍ ബിഎഡ് സെന്റര്‍, യുഐടി അടൂര്‍, സിന്ധു ഐടിസി എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍ എന്നിവര്‍ ഈ ശൃംഖലയില്‍ അണിചേര്‍ന്നു. ലഹരിവിരുദ്ധ നൃത്തശില്പം അടൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനുഷ്യശൃംഖലയില്‍ അണിചേര്‍ന്ന എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലി.