ലഹരി മുക്ത കേരളം ജില്ലാതല പരിപാടിക്ക് സമാപനം

post

ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണം ; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍


ലഹരി വ്യാപനത്തെ പ്രതിരോധിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് തുറമുഖം, മ്യൂസിയം. പുരാവസ്തു , പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഒരു മാസം നീണ്ടുനിന്ന ലഹരിമുക്ത കേരളം ജില്ലാതല പരിപാടിയുടെ സമാപനം നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ സര്‍ക്കാര്‍ വിപുലവും സമഗ്രവുമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരികയാണ്.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന -ജില്ലാ - വാര്‍ഡ് തലസമിതികള്‍ ഇതിനോടകം രൂപീകരിക്കപ്പെട്ട് കഴിഞ്ഞു. പുതിയ രൂപത്തിലും ഭാവത്തിലും പടര്‍ന്നു പന്തലിക്കുന്ന ലഹരിയുടെ കരാള ഹസ്തങ്ങള്‍ക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തിലേക്കാണ് സമൂഹത്തിലെ എല്ലാ വിഭാഗമാളുകളേയും ഉള്‍പ്പെടുത്തി, സംസ്ഥാന സര്‍ക്കാര്‍ രംഗത്തിറങ്ങിയത്.

കേരളം നേടിയെടുത്തിട്ടുള്ള വികസനത്തിനും, പുരോഗതിക്കും, സാംസ്‌കാരിക മൂല്യങ്ങള്‍ക്കും ലഹരി ഉപയോഗം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ലഹരിക്ക് അടിമപ്പെടുന്ന യുവതലമുറയ്ക്ക് തിരുത്തെഴുത്തിന്റെ വഴി കാണിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി കര്‍മ്മ രംഗത്തിറങ്ങണമെന്നും ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും ഇനിയങ്ങോട്ടും സജീവമാക്കി നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.