തിരുവല്ലയില്‍ ലഹരിക്കെതിരേ വിദ്യാര്‍ഥികളുടെ ശൃംഖല

post

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി തിരുവല്ല എസ് സി എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരേ ശൃംഖല തീര്‍ത്തു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ലഹരിക്കെതിരായ വിദ്യാര്‍ഥികളുടെ ശൃംഖല ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ഒപ്പ് ശേഖരണത്തില്‍ ജില്ലാ കളക്ടര്‍ ആദ്യ പങ്കാളിയായി. മാര്‍ത്തോമ്മാ സഭ അധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ലഹരി വിരുദ്ധ ലഘുലേഖ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മേരി കെ ജോണിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ലഹരിക്കെതിരേ ബഹുജനപങ്കാളിത്തത്തോടെ പോരാട്ടം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ രണ്ടിന് ആണ് ലഹരി വിമുക്ത കേരളം പ്രചാരണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളുടെ ശൃംഖല തീര്‍ത്തത്.

എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ എന്‍സിസി, എന്‍എസ്എസ്, ജെആര്‍സി, ലിറ്റില്‍ കൈറ്റ്സ് തുടങ്ങിയ വിവിധ സംഘടനകളും വിദ്യാര്‍ഥികള്‍ക്കൊപ്പം ശൃംഖലയില്‍ പങ്കുചേര്‍ന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോണ്‍ കെ. തോമസ് സംസാരിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടൈറ്റസ് ബിഎഡ് കോളജിലെ അധ്യാപക വിദ്യാര്‍ഥികളും സ്‌കൂള്‍ കുട്ടികളും ലഹരിക്കെതിരേ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. എസ് സി എസ് ജംഗ്ഷന്‍ മുതല്‍ റോഡിന്റെ വശത്ത് വിദ്യാര്‍ഥികള്‍ ശൃംഖലയില്‍ അണിനിരന്നത് ഏറെ ശ്രദ്ധേയമായി.