റാന്നി നിയോജകമണ്ഡലത്തില്‍ ലഹരി വിരുദ്ധ സേന

post

റാന്നി നിയോജകമണ്ഡലത്തില്‍ കേരളപ്പിറവി ദിനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സേന ഒരുങ്ങി. റാന്നി ഇനീഷ്യേറ്റീവ് എഗന്‍സ്റ്റ് നാര്‍കോട്ടിക്സ് (റാന്നി റെയിന്‍) എന്ന പേരിലാണ് റാന്നി കേന്ദ്രമാക്കി ലഹരിക്കെതിരെ വിശാലമായ സേന രൂപീകരിച്ചത്. നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറികളും കോളജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഇതില്‍ പങ്കാളികളാകുന്നത്. റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി വിദ്യാര്‍ഥികളേയും അധ്യാപകരെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് സേന രൂപീകരിച്ചത്.

സ്‌കൂള്‍ പാര്‍ലമെന്റ് രീതിയില്‍ രൂപീകരിച്ച സേനയില്‍ ഓരോ സ്‌കൂളിലും ഇതിനായി നിയോഗിക്കപ്പെട്ട അധ്യാപകന്‍ ചുമതല വഹിക്കും. ക്ലാസ്, സ്‌കൂള്‍തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ലീഡര്‍മാരാണ് സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗവും ലഹരി വില്പനയും തടയുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലഹരിയുടെ ആദ്യ ഉപയോഗം ഒഴിവാക്കുന്നതിന് കുട്ടികളെ ബോധവാന്മാരാക്കുക വഴി ഇവരെ ലഹരിയുടെ പിടിയിലേക്ക് അടുക്കുന്നത് ഒഴിവാക്കാനാകും.

ലഹരി വില്‍ക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും സ്രോതസുകള്‍ കണ്ടെത്തി പോലീസിനെയും എക്സൈസിനെയും അറിയിക്കുക വഴി വില്പന തടയാനാകും. ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സ നല്‍കി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അധ്യാപകരുടെയും കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും പോലീസിന്റെയും എക്സൈസിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായം ലഭ്യമാക്കി കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ലഹരിമുക്തമാക്കുകയാണ് ലക്ഷ്യം.