വേണ്ടേ വേണ്ട ലഹരി വേണ്ട നാടെങ്ങും പ്രതിരോധ ചങ്ങലകള്‍

post

ലഹരിക്കെതിരെയുള്ള സന്ദേശവുമായി നാടെല്ലാം പ്രതിരോധ ചങ്ങലകളില്‍ അണിനിരന്നു. കേരളപിറവി ദിനത്തില്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ കലാലയങ്ങള്‍ ഗ്രന്ഥശാലകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ലഹരിക്കെതിരെയുള്ള പ്രതിരോധത്തിന്റെ ശൃംഗലയില്‍ കണ്ണിചേര്‍ന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ മുതല്‍ കളക്ട്രേറ്റ് വരെയുള്ള ലഹരി വിരുദ്ധ മനുഷ്യ ശൃംഖലയില്‍ വിദ്യാര്‍ത്ഥികളോടൊപ്പം ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാതല ഉദ്യോഗസ്ഥരും, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കാളികളായി. ജില്ലാഭരണകൂടവും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ സമാപനം ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എസ്. ഷാജി ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ലഹരി ബോധവത്ക്കരണ ഫ്‌ളാഷ് മോബും അരങ്ങേറി. ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, കെ. ദേവകി, വാര്‍ഡ് കൗണ്‍സിലര്‍ ആയിഷ പള്ളിയാല്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ശശിപ്രഭ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സുനില്‍കുമാര്‍, വിദ്യാകിരണം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, എസ്.കെ.എം.ജെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാവിയോ ഓസ്റ്റിന്‍, പ്രധാനാധ്യാപകന്‍ അനിൽ കുമാർ, വിവിധ ജില്ലാതല ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി മുതല്‍ കേരളപ്പിറവി വരെ നീണ്ടുനിന്ന ക്യാമ്പയിന് തുടക്കമിട്ടിരുന്നു. പനങ്കണ്ടി സ്‌കൂളില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ജില്ലാതല ക്യാമ്പയിനിന്റെ ഭാഗമായി നിരവധി ലഹരി പ്രതിരോധ ബോധവത്കരണ പരിപാടികള്‍ ജില്ലയിലുടനീളം നടന്നിരുന്നു. സമാപന ദിവസം പോലീസ്, എക്‌സൈസ് വകുപ്പുകളും ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും കോളേജുകളും വിവിധങ്ങളായ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വൈത്തിരി താലൂക്ക് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ കല്‍പ്പറ്റയില്‍ നടത്തിയ ലഹരി വിരുദ്ധ റാലി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി. അനൂപ് ഫ്‌ളാഗ് ഓഫ് ചെയ്തു. വിമുക്തി താലൂക്ക് കോര്‍ഡിനേറ്റര്‍ പി.എസ്. സുഭാഷ് ദീപശിഖ കൊളുത്തി ഉദ്ഘാടനം ചെയ്തു.