സന്നദ്ധ സേവകർക്ക് പരിശീലനവുമായി ജില്ലാ ഭരണകൂടം

post

രജിസ്റ്റർ ചെയ്യാം; ശനിയാഴ്ച്ച മുതൽ പരിശീലനം


പ്രളയം നാശം വിതച്ചപ്പോഴും കോവിഡ് മഹാമാരിയിലും സന്നദ്ധ സേവനത്തിനിറങ്ങിയ നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്.ആരും നിർബന്ധിക്കാതെ തന്നെ ആവശ്യം മനസിലാക്കി അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിച്ചവർ... ഇവർക്കു വിദഗ്ധ പരിശീനമൊരുക്കുകയാണു സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും. നവംബർ 5 മുതൽ 17 വരെ 1000 പേർക്കാണു പരിശീലനം നൽകുന്നത്.

ദുരന്ത നിവാരണം, സന്നദ്ധസേവനം, പ്രഥമശുശ്രൂഷ, അഗ്നിരക്ഷ തുടങ്ങിയ വിഷയങ്ങളിലാണു പരിശീലനം. നവംബർ അഞ്ചിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ഉദ്ഘാടനം. പിന്നീട് ജില്ലയിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പരിശീലനം സംഘടിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ സാമൂഹിക സന്നദ്ധ സേന പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. താൽപര്യമുള്ളവർ വെള്ളിയാഴ്ചക്കകം (നവംബർ നാല്) tiny.cc/sstraining2 എന്ന ലിങ്ക് വഴിയോ താഴെയുള്ള ക്യു.ആർ കോഡ് വഴിയോ രജിസ്റ്റർ ചെയ്യണം.

സന്നദ്ധ സേന പോർട്ടലിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് https://sannadhasena.kerala.gov.in/volunteerregistration വഴി ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9400021077, 1077 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ദുരന്ത പ്രതിരോധ ശേഷിയുള്ള ജനതയെ വാർത്തെടുക്കുക, പൊതു പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ കരുത്തുറ്റതാക്കുക, വ്യക്തി ജീവിതങ്ങളെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സന്നദ്ധ സേന ആരംഭിച്ചത്. നിരവധി പേരാണ് ഇതിൽ അണി ചേർന്നത്. എന്നാൽ വിദഗ്ധ പരിശീലനം ലഭിക്കാത്തത് ചിലപ്പോഴൊക്കെ വിപരീത ഫലമുണ്ടാക്കുന്നതിലേക്ക് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണു പരിശീലനം സംഘടിപ്പിക്കാൻ സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ് തീരുമാനിച്ചത്. ആദ്യ ഘട്ടത്തിൽ ഓരോ ജില്ലയിലും 1000 പേർക്ക് വീതം പരിശീലനം നൽകും.