വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്: ഡോ. വില്യംഹാള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

post

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ലോകപ്രശസ്ത വൈറോളജിസ്റ്റും ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്റെ സ്ഥാപകരില്‍ ഒരാളുമായ ഡോ. വില്യം ഹാള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ഉപദേശകനാണ് ഡോ. വില്യം ഹാള്‍.
കേരളത്തില്‍ കാലിക പ്രാധാന്യമുള്ള വൈറസ് രോഗങ്ങളുടെ പഠനവും നിര്‍ണയവും തുടക്കത്തില്‍ നടത്തുകയും സ്ഥാപനത്തിന്റെ വിപുലീകരണം നടക്കുമ്പോള്‍ ദേശീയ ആഗോള പ്രാധാന്യമുള്ള പ്രവര്‍ത്തനവും ഗവേഷണവും ഏറ്റെടുക്കുകയും  ചെയ്യുക എന്ന നിര്‍ദേശമാണ് ഡോ. വില്യം ഹാള്‍ മുന്നോട്ടുവെച്ചത്. മുന്‍ഗണനാടിസ്ഥാനത്തില്‍ അവശ്യം വേണ്ട ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഉടനെ സജ്ജമാക്കുക. അതില്‍ ഡയഗ്‌നോസ്റ്റിക് സംവിധാനം ആദ്യമേ ക്രമീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം ഉന്നയിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തില്‍ തിടുക്കം കാണിക്കരുത്. കരുതലോടെ വേണം ഓരോ പ്രവര്‍ത്തനവും ഏറ്റെടുക്കാന്‍.
എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളുമായും നെറ്റ്‌വര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഐഎവിയില്‍ ഉണ്ടവണമെന്ന് ചര്‍ച്ചയില്‍ ധാരണയായി. ഐഎവിയിലേക്ക് ആവശ്യമായ സൗകര്യങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ശാസ്ത്രജ്ഞരുടെ നിയമനം ഘട്ടംഘട്ടമായി നടത്തും. കുസാറ്റില്‍ അസിസ്റ്റന്റ് പ്രൊഫ സറായ ഡോ. മോഹനനെ അഡ്ജങ്റ്റ് ഫാക്കല്‍റ്റിയായി നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ ഡോ. ശ്യാംസുന്ദരന്‍ കൊട്ടിലില്‍, ഡോ. എം.വി. പിളള, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി. സുധീര്‍, ഡോ. ജി.എം. നായര്‍, ഡോ. സ്റ്റാലിന്‍ രാജ് (ഐസര്‍), മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍ എന്നിവരും പങ്കെടുത്തു.

ഡോ. വില്യം ഹാള്‍ വെള്ളിയാഴ്ച ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു. ഐ.എ.വി യുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മാര്‍ച്ച് മൂന്ന് മുതല്‍ ഡോ. വില്യം ഹാള്‍ തിരുവനന്തപുരത്തുണ്ട്.


IIV