ശബരിമല തീര്‍ത്ഥാടനം വിപുലമായ മുന്നൊരുക്കങ്ങളുമായി വനം വകുപ്പ്‌

post

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ ഉന്നതതല യോഗം ചേര്‍ന്നു. വകുപ്പിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും. മനുഷ്യ സാധ്യമായ എല്ലാ സുരക്ഷാ സംവിധാനവും ശബരിമലയില്‍ ഒരുക്കും. ളാഹ മുതല്‍ പമ്പ വരെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റസ്പോണ്‍സ് ടീമിനെ നിയോഗിക്കും. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, എക്കോ ഷോപ്പുകള്‍ എന്നിവയും പ്രവര്‍ത്തിക്കും. കാനന പാതകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിക്കും.

പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ഇക്കോ ഗാര്‍ഡ്, എലിഫന്റ് സ്‌ക്വാഡ്, സ്നേക് സ്‌ക്വാഡ് എന്നിവരെയും നിയമിക്കും. ഉദ്യോഗസ്ഥര്‍ മാസ്‌ക് ധരിച്ചിരിക്കണം. ദേവസ്വം പ്രതിനിധി, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി ഇനിയും അപകടകരമായ നിലയില്‍ നിലനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനമാവണം വനം വകുപ്പിന്റേത്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടത്തി തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു.