ശബരിമല തീര്‍ത്ഥാടനം മിതമായ നിരക്കില്‍ ഭക്ഷണം നല്‍കുന്നതിന് നടപടികള്‍ പൂര്‍ത്തിയായി

post

കോട്ടയം : ശബരിമലയിലും ഇടത്താവളങ്ങളിലും തീര്‍ത്ഥാടകര്‍ക്ക് മിതമായ നിരക്കില്‍ സസ്യാഹാരം നല്‍കുന്നതിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ു. ഭക്ഷണ സാധനങ്ങളുടെ വിലനിര്‍ണയം സംബന്ധിച്ച് കോട്ടയം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഉദ്യോഗസ്ഥരും ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്ത യോഗത്തില്‍ വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഭക്ഷണ വസ്തുക്കളുടെ തീര്‍ത്ഥാടന കാലത്തേക്കുള്ള വില അന്തിമമായി അംഗീകരിച്ചു.
നാലു ജില്ലകളിലെയും ഇടത്താവളങ്ങളില്‍ ഉള്‍പ്പെടെ അമിത വിലയില്ലാതെ നല്ല ഭക്ഷണം ലഭ്യമാക്കും. ഹോട്ടല്‍ ആന്റ് റസ്റ്റോന്റ്  അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിലവിവര പട്ടിക ഹോട്ടലുകളില്‍ അഞ്ചു ഭാഷകളില്‍ പ്രദര്‍ശിപ്പിക്കും.പ്രധാന കേന്ദ്രങ്ങളിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും റേഷന്‍ കടകളിലും കുപ്പിവെള്ളം പതിനൊന്നു രൂപയ്ക്ക് ലഭ്യമാക്കും. പാചക വാതകത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വില്‍ക്കുന്ന ഭക്ഷണ സാധനങ്ങളും കുടിവെള്ളവും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അളവിലും തൂക്കത്തിലും ക്രമക്കേടുകളുണ്ടാകാതിരിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് ജാഗ്രത പുലര്‍ത്തും മന്ത്രി പറഞ്ഞു.
വിലവിവര പട്ടിക എല്ലാ ഭക്ഷണ ശാലകളിലും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് യോഗത്തില്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുപ്പിവെള്ളവും മറ്റ് അവശ്യ വസ്തുക്കളും വില കൂട്ടി വില്‍ക്കാനുള്ള സാധ്യത  മുന്നില്‍ കണ്ട് പച്ചക്കറി മാര്‍ക്കറ്റുകളില്‍ ക്രമക്കേടുകള്‍ക്കുള്ള സാഹചര്യം ഒഴിവാക്കുന്നതിന് പോലീസ്, റവന്യൂ, പൊതുവിതരണം, ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തണം. താത്കാലിക ഭക്ഷണ ശാലകളിലെ ശുചിത്വവും ഭക്ഷണ സാധനങ്ങളുടെ അളവും തൂക്കവും ഉറപ്പാക്കുന്നതിനും നടപടിയുണ്ടാകണം. സവോളയുടെയും മറ്റും വില വര്‍ധന സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. തീര്‍ത്ഥാടകര്‍ ക്കായി വില്‍പ്പനയ്‌ക്കെത്തിക്കുന്ന  വെളിച്ചെണ്ണ, ഹല്‍വ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കണം മന്ത്രി നിര്‍ദേശിച്ചു. നാലു ജില്ലകളിലെയും ഉദ്യോഗസ്ഥര്‍ തീര്‍ത്ഥാടന കാലത്തേക്കുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിച്ചു. ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ ഡോ. നരസിംഹുഗരി ടി.എല്‍. റെഡ്ഡി, സപ്ലൈകോ ചെയര്‍മാന്‍ പി.ആര്‍. സതീഷ് കുമാര്‍,  ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വര്‍ഗീസ് പണിക്കര്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.