മിഷന്‍ ഇന്ദ്രധനുഷ് തീവ്ര ബോധവല്‍ക്കരണയജ്ഞം സമാപിച്ചു

post

വയനാട്:  പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യം വിശദീകരിക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് ദൗത്യം സമാപിച്ചു.  ഒരാഴ്ചയാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് ബോധവല്‍ക്കരണ പരിപാടികള്‍ നടന്നത്. കല്‍പ്പറ്റ  എം.സി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ. ഡോ. ആര്‍. രേണുക, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ബി. അഭിലാഷ്, വയനാട് വാക്‌സിന്‍ കോള്‍ഡ് ചെയിന്‍ മാനേജര്‍ സൈമണ്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു. ആരോഗ്യ ബോധവല്‍ക്കരണ പ്രദര്‍ശനവും കലാപരിപാടികളും മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. രാജ്യത്തെ തെരെഞ്ഞെടുത്ത ജില്ലകളില്‍ നടത്തിയ തീവ്ര മിഷന്‍ ഇന്ദ്രധനുഷ് ദൗത്യം കേരളത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളിലാണ് സംഘടിപ്പിച്ചത്. ഐ.റ്റി.ഡി.പി വയനാട് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബെന്നി പി. തോമസ്, വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ കെ. എച്ച്. ലജീന, വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം.വി പ്രജിത്ത് കുമാര്‍, സി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ ആരോഗ്യ വകുപ്പിന്റേയും വനിതാ ശിശുവികസന വകുപ്പിന്റേയും ഐറ്റിഡിപിയുടേയും ദേശീയ ആരോഗ്യ ദൗത്യത്തിന്റേയും സാമൂഹ്യനീതി വകുപ്പിന്റേയും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ വയനാട്, ലോകാരോഗ്യ സംഘടനയുടേയും സഹകരണത്തോടെയാണ് പ്രചരണ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിച്ചത്.