ആടിയും പാടിയും സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി കുടുംബശ്രീ

post

കുടുംബശ്രീ ജില്ലാമിഷന്‍ സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ കോന്നി മന്നം മെമ്മോറിയല്‍ കോളജിലെ സോഷ്യല്‍വര്‍ക്ക് വിഭാഗവുമായി ചേര്‍ന്ന് ലഹരി വിരുദ്ധ കാമ്പയിന്‍ ബോധ 2022 സംഘടിപ്പിച്ചു. ജില്ലയിലെ ഐരവണ്‍ പി.എസ്.വി.എം.എച്ച്.എസ്.എസ്, കോന്നി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തൈക്കാവ് ഗവ. ഹൈസ്‌കൂള്‍&വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഓമല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറിസ്‌കൂള്‍ എന്നീ സ്‌കൂളുകളിലായിരുന്നു കാമ്പയിന്‍ നടത്തിയത്. സമൂഹത്തില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം കുട്ടികള്‍ക്ക് നല്‍കി കൊണ്ട് അവരെ ബോധവല്‍ക്കരിക്കുക, ലഹരി വിരുദ്ധ പുതുതലമുറയെ സൃഷ്ടിക്കുക. സ്‌കൂള്‍ കാമ്പസുകള്‍ ലഹരിമുക്തമാക്കുക, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കുംഎത്തിക്കുക. സമൂഹത്തില്‍ നിന്നും ലഹരി എന്ന മഹാവിപത്തിനെ തുടച്ചുനീക്കുന്നതിന് ആവശ്യമായ മാര്‍ഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും പൊതുസമൂഹത്തില്‍ നിന്നുതന്നെ കണ്ടെത്തുക, ലഹരി വിരുദ്ധ കാമ്പയിന്‍ ആശയങ്ങള്‍ കൂടുതല്‍ കുട്ടികളില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് പരിപാടി നടത്തിയത്.