പൊന്നാനിയില്‍ ഇലട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമായി

post

പൊന്നാനി സബ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഇലട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമായി. നാലുചക്ര വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സ്റ്റേഷന്റെ സ്വിച്ച് ഓണ്‍ പി.നന്ദകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.  ജില്ലയില്‍ മൂന്നിടങ്ങളിലായി ഒരുക്കിയ ഇ.വി ചാര്‍ജിങ് സ്റ്റേഷനുകളില്‍ ഒന്നാണ് പൊന്നാനിയിലേത്. ഒരു ഫാസ്റ്റ് ചാര്‍ജറും മൂന്ന് സ്ലോ ചാര്‍ജറുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് ഇവിടെനിന്ന് ഇനി മുതല്‍ അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാനാവും. ഒരു യൂണിറ്റിന് നികുതി ഉള്‍പ്പെടെ 16 രൂപയാണ് നല്‍കേണ്ടി വരുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ലഭ്യമാവുന്ന ആപ് ഉപയോഗിച്ച് പണം നല്‍കാം. ജീവനക്കാര്‍ ഉണ്ടാവില്ല. സുരക്ഷയ്ക്കായി സിസിടിവി ഉണ്ടാകും. ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ നമ്പറും ഇവിടെയുണ്ടാവും.

കാറുകള്‍ ഉള്‍പ്പെടെയുള്ള നാലു ചക്ര വാഹനങ്ങള്‍ക്ക് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമില്ലാത്തത് വൈദ്യുതി വാഹനങ്ങള്‍ വാങ്ങുന്നവരുടെ വലിയ ആശങ്കയായിരുന്നു. ഇതിന് പരിഹാരമായാണ് സ്റ്റേഷന്‍ നിര്‍മിച്ചത്. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജ സുരക്ഷ ഉറപ്പാക്കുക, പെട്രോള്‍ വില വര്‍ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇ-വെഹിക്കിള്‍ പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്.