അക്ഷയ് വി.എയുടെ ചിത്രം ഇനി ശിശുദിന സ്റ്റാമ്പ്

post

ശിശുദിനസ്റ്റാമ്പ്-2022 രൂപകല്പന ചെയ്യുന്നതിലേയ്ക്കുള്ള ചിത്രമായി തിരുവനന്തപുരം ബാലരാമപുരം നസ്രേത്ത് ഹോം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അക്ഷയ് വി.എ.യുടെ ചിത്രം തെരഞ്ഞെടുത്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ‘കൈകോർക്കാം ലഹരിക്കെതിരെ’ എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത 544 മത്സരാർത്ഥികളുടെ ചിത്രരചനയിൽ നിന്ന് സംസ്ഥാന ലളിതകലാ അക്കാദമി മുൻ ചെയർമാൻ നേമം പുഷ്പരാജ് ആണ് മികച്ച ചിത്രം തിരഞ്ഞെടുത്തത്.

കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും സംസ്ഥാനത്തെ സർക്കാർ അർദ്ധ സർക്കാർ ഓഫീസുകളിലും മറ്റ് വിവിധ സ്ഥാപനങ്ങളിലുമായി വില്പന നടത്തുന്നതിലേയ്ക്കായി ഒരു കോടി സ്റ്റാമ്പാണ് ഓരോ വർഷവും ശിശുദിനത്തിൽ സർക്കാർ അനുമതിയോടെ സംസ്ഥാന ശിശുക്ഷേമ സമിതി പുറത്തിറക്കുന്നത്. നവംബർ 14 ശിശുദിനത്തിൽ തിരുവനന്തപുരത്തു നടക്കുന്ന ശിശുദിനാഘോഷത്തിൽ അക്ഷയ് വി.ഐ. യെയും സ്കൂളിനെയും ആദരിക്കും.

ബാലരാമപുരം എം.സി.എൻ.ആർ.എ സ്ട്രീറ്റിൽ മുരുക ഭവനിൽ പി. വിജയകുമാറിന്റേയും അനിതയുടേയും ഏക മകനാണ് അക്ഷയ്. ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം നവംബർ 14ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷ പരിപാടിയിൽ നടക്കും.