ശബരിമലയിൽ ഭക്ഷ്യവകുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

post

*40 ഇനം ഭക്ഷ്യവസ്തുക്കളുടെ വില നിശ്ചയിച്ചു


ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നടത്തിയ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ഓൺലൈനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പത്തനംതിട്ട ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളിലേയും റസ്റ്റോറന്റുകളിലേയും ഉത്പന്നങ്ങളുടെ വില കൃത്യമായി നിശ്ചയിച്ചു കഴിഞ്ഞു. സ്ഥാപനങ്ങളിൽ അത് പ്രദർശിപ്പിക്കും. ജ്യൂസ്, ബേക്കറി ഉത്പന്നങ്ങളടക്കം 40 ഇനം ഭക്ഷ്യ വസ്തുക്കളുടെ വില നിശ്ചയിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, പമ്പയ്ക്ക് പുറത്തുള്ള പ്രദേശം എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ഇത്തവണ വില നിശ്ചയിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയുടെ മാതൃകയിൽ ഇടുക്കി, കോട്ടയം ജില്ലകളിൽ സാധനങ്ങളുടെ വില കൃത്യമായി നിശ്ചയിച്ച് മാധ്യമങ്ങളിലൂടെയും റസ്റ്റോറന്റുകളിലും വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലും ബോർഡുകൾ സ്ഥാപിച്ച് തീർഥാടകരിൽ അവബോധം സൃഷ്ടിക്കും. മലയാളത്തിനു പുറമെ തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലും ഇത്തരം ബോഡുകൾ പ്രദർശിപ്പിക്കും.


ഓരോ ജില്ലകളിലും രൂപം നൽകിയിട്ടുള്ള സ്‌ക്വാഡുകൾ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തും. വില കൂട്ടി വിൽക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചാൽ കർശന നടപടിയുണ്ടാകും. മണ്ഡല-മകരവിളക്ക് ഉത്സവം ഒരു വീഴ്ചകളും കൂടാതെ മികച്ച രീതിയിൽ പൂർത്തിയാക്കുന്നതിന് വേണ്ട എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. പരിശോധനകൾക്കായി രൂപം നൽകിയിട്ടുള്ള സ്‌ക്വാഡുകളുടെ പ്രവർത്തനത്തെ കുറിച്ച് അതത് ടിഎസ്ഒമാർക്ക് കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും സ്‌ക്വാഡിൽ അംഗങ്ങളായിരിക്കും. പത്തനംതിട്ടയിലെത്തുന്ന അയ്യപ്പന്മാർക്ക് ഭക്ഷണം സംബന്ധിച്ച പരാതികളുണ്ടെങ്കിൽ അത് അറിയിക്കുന്നതിനായി ഡ്യൂട്ടി മജിസ്‌ട്രേറ്റിന് ഒപ്പം ഒരു ഉദ്യോഗസ്ഥനെ കൂടി നിയോഗിക്കും. കൂടുതൽ സ്‌ക്വാഡുകളെ ആവശ്യാനുസരണം നിയോഗിക്കണം. കോന്നിയിലും റാന്നിയിലും സുഭിക്ഷ ഹോട്ടലുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. കൊല്ലം ജില്ലയിലെ പുനലൂർ ഇടത്താവളത്തിലെ സുഭിക്ഷ ഹോട്ടൽ തീർഥാടന ദിവസത്തോട് അനുബന്ധിച്ച് തുറന്ന് കൊടുക്കുമെന്നും കുമളിയിൽ തീർഥാടകർ എത്തുന്ന കേരളത്തിലേക്കുള്ള എൻട്രി പോയിന്റിൽ തഹസിൽദാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.