പുനലൂരില്‍ ഇടത്താവളം നിര്‍മ്മിക്കുന്നത് പരിഗണനയില്‍

post

ശബരിമല തീര്‍ത്ഥാടനത്തിന് ഭക്തര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പുനലൂരിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടുത്ത വര്‍ഷത്തിനുള്ളില്‍ ഇടത്താവളം നിര്‍മ്മിക്കുന്നത് പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. പുനലൂര്‍ പി. ഡബ്ല്യൂ. ഡി റെസ്റ്റ് ഹൗസില്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പുനലൂരില്‍ ഇടത്താവളം ഒരുക്കുന്നതിന് ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

ഈ വര്‍ഷം തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ താത്കാലിക സംവിധാനങ്ങള്‍ ഉറപ്പാക്കും. ഇതിനായി പുനലൂരില്‍ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ഏകോപനം നടപ്പാക്കും. ഭക്തരുടെ എണ്ണത്തിനനുസരിച്ചുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും. അപകടമേഖലകളില്‍ തിരിച്ചറിഞ്ഞ് സൂചനാ ബോര്‍ഡുകള്‍ വ്യത്യസ്ത ഭാഷകളില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും സജ്ജരാക്കണം. സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളില്‍ അതിനുള്ള സൗകര്യമൊരുക്കും. വിവിധ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും ഏകോപിപ്പിക്കുന്നതില്‍ ജില്ലാ ഭരണകൂടം മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ എന്നീ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കൂടി കണക്കിലെടുത്ത് കെ. എസ്. ആര്‍. ടി. സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉറപ്പാക്കി. പുനലൂര്‍ ദേശീയപാതയില്‍ പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള റോഡിലെ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കുന്നതിനും ദിശ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ദേശീയ പാത വിഭാഗത്തിന് കത്ത് നല്‍കിയതായും പി. എസ് സുപാല്‍ എം. എല്‍. എ പറഞ്ഞു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം, വൈസ് ചെയര്‍മാന്‍ വി. പി ഉണ്ണികൃഷ്ണന്‍, പുനലൂര്‍ ആര്‍. ഡി. ഒ ബി. ശശികുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.