ശബരിമല തീര്‍ത്ഥാടനം;ചെങ്ങന്നൂരില്‍ അവലോകന യോഗം

post

ആലപ്പുഴ : ശബരിമല തീർത്ഥാടനത്തിന്റെ മുന്നോടിയായി ചെങ്ങന്നൂരിലെ ഒരുക്കങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് നിർദ്ദേശം നൽകി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഇത്തവണ തീർത്ഥാടകരുടെ തിരക്ക് ഏറും എന്നാണ് പ്രതീക്ഷിക്കുന്നത്.അധികമായി 10 ടോയ്ലറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.ചെങ്ങന്നൂർ ടൗൺഹാളിൽ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനും യോഗത്തിൽ പങ്കെടുത്തു.

നിലവിൽ കോവിഡിന് ശേഷം തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാധ്യത പരിഗണിച്ച് ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കൂടുതൽ ശ്രദ്ധ ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രത്യേക വാർഡ് ആരംഭിക്കും.തീർത്ഥാടകർ വേണ്ടി ആറ് ബെഡുകളും ഇവിടെ ഒരുക്കും. കൂടാതെ ജില്ലാ ആശുപത്രിയിൽ ഉള്ള മൂന്ന് ആംബുലൻസുകൾ പ്രവർത്തനസജ്ജം ആയിരിക്കും. തീർത്ഥാടകർക്ക് മരണമുണ്ടാകുന്ന സാഹചര്യത്തിൽ അവർക്കാവശ്യമായ പ്രാഥമിക ചെലവുകൾക്കുള്ള തുക അനുവദിക്കുന്നതിന് അടുത്തവർഷം ആലപ്പുഴ ജില്ലാ കളക്ടർക്ക് കൂടി അനുമതി നൽകുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. ഇത്തവണ ഇതുസംബന്ധിച്ച ഏകോപനം നിർവഹിക്കുന്നതിന് പോലീസ് , മെഡിക്കൽ ഓഫീസ് , റവന്യൂ വകുപ്പ് നഗരസഭ എന്നിവ അടിയന്തരമായി യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളാൻ മന്ത്രി നിർദേശിച്ചു ഇതേ തുടർന്ന് അടിയന്തരയോഗം കൂടുകയും പ്രാഥമിക ചെലവുകൾക്ക് നഗരസഭ പണം അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമായി.ദേവസ്വം ബോർഡിൻറെ ഇൻഫർമേഷൻ സെന്ററും സ്പോട്ട് ബുക്കിംഗ് സെന്ററും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തീർത്ഥാടന കാലത്തിനു മുമ്പ് തന്നെ പ്രവർത്തനസജ്ജം ആകുമെന്ന് മന്ത്രി പറഞ്ഞു.ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ റെയിൽവേക്കും ബാധ്യതയുണ്ടെന്ന് മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. തീർത്ഥാടകരുെടെ വരവ് റെയിൽവേയ്ക്ക് ഏറെ വരുമാനം നൽകുന്നതാണ്. അവർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കരുത് ഒന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റെയിൽവേ സ്റ്റേഷനിൽ ആരംഭിക്കുന്ന കൗണ്ടറുകളിലേക്ക് സൗജന്യമായി വൈദ്യുതി നൽകുന്ന പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോൾ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.


നിലവിലുള്ള ആംബുലൻസ് സൗകര്യങ്ങൾക്ക് പുറമേ ഒരു മെഡിക്കൽ മൊബൈൽ യൂണിറ്റ് കൂടി ആരംഭിക്കുന്ന കാര്യം പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പിനോട് മന്ത്രി നിർദേശിച്ചു. തീർത്ഥാടകരെ ചൂഷണം ചെയ്യുന്നതിന് അനുവദിക്കരുത്.വിലവിവരപ്പട്ടിക അംഗീകരിച്ച് എത്രയും പെട്ടെന്ന് ഉത്തരവ് പുറത്തിറക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി.

ശബരിമല ഇടാത്താവളങ്ങളായ ക്ഷേത്രങ്ങളുടെ കുളങ്ങളിൽ അടിയന്തിര സഹായത്തിനായി സ്‌കൂബാ ഡൈവർമാരുടെ സേവനം ഉണ്ടാകും. സ്ഥിരം സർവീസുകൾക്ക് പുറമെ പമ്പ, എരുമേലി, പന്തളം റൂട്ടുകളിൽ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും.റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ പ്രേത്യേക മെഡിക്കൽ സംഘം ക്യാമ്പ് ചെയ്യും. ഹരിത പ്രോട്ടോകോൾ പൂർണമായും പാലിച്ചുകൊണ്ട്‌ മാലിന്യ സംസ്കരണം നടത്താനായി നഗരസഭയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പല ഭാഷകളിലായി സൈൻ ബോർഡുകൾ സ്ഥാപിക്കും. വഴിയോര കച്ചവടക്കാരുടെ ലൈസൻസ് അനുവദിക്കുക അഗ്നിശമന യന്ത്രങ്ങൾ ഉണ്ടോയെന്ന് ഉറപ്പാക്കിയിട്ടു ആയിരിക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷണ സാധന സാമ്പിളുകൾ ശേഖരിച്ചു പരിശോധന നടത്തും. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ കുടിവെള്ളത്തിന്റെ സുരക്ഷിതത്വം പരിശോധിച്ചാൽ നടപടിയെടുക്കും. പമ്പ, എരുമേലി എന്നിവിടങ്ങളിലെകുള്ള എല്ലാ റോഡുകളും അറ്റകുറ്റപണികൾ നടത്തി പൂർണമായും സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട് എന്ന ബന്ധപ്പെട്ടവർ യോഗത്തിൽ പറഞ്ഞു. സ്വകാര്യ ടാക്സി വാഹനങ്ങൾക്ക് പമ്പയിലേക്ക് നിശ്ചിത നിരക്കിൽ മാത്രമേ യാത്രക്കാരിൽ നിന്ന് ഈടാക്കാൻ അനുവാദമുള്ളൂ. ഇത് ഉറപ്പു വരുത്താൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി