അഴീക്കോട് തുറമുഖത്തെ റീജിയണൽ പോർട്ടായി ഉയർത്തും

post

അഴീക്കോട് തുറമുഖത്തെ റീജിയണൽ പോർട്ടായി ഉയർത്തുന്നതിന് തത്വത്തിൽ തീരുമാനിച്ചതായി മാരിടൈം ബോർഡ് ചെയർമാനായി ചുമതലയേറ്റ എൻ എസ് പിള്ള പറഞ്ഞു. ഇതിനായി കാസർകോട്, കണ്ണൂർ, തലശ്ശേരി തുടങ്ങിയ ചെറു തുറമുഖങ്ങളെ കൂട്ടി ചേർത്ത് പുതിയ പോർട്ട് ഓഫീസർ തസ്തികയും അനുബന്ധ സൗകര്യങ്ങളും ഒരുക്കും. അന്തിമ തീരുമാനത്തിന് ബോർഡിൽ നയപരമായ തീരുമാനമെടുത്ത് സർക്കാർ അംഗീകാരം ലഭിക്കണം.


വളരെ കാലത്തോളം കപ്പൽ ഗതാഗതം നടത്തി പാരമ്പര്യമുള്ള അഴീക്കലിന്റെ പ്രൗഡി വീണ്ടെടുക്കാനും തുറമുഖ വികസനത്തിനുമായി കേരള മാരിടൈം ബോർഡും വ്യവസായികളുമായി നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വടക്കൻ മലബാറിന്റെ വികസനത്തിനും കപ്പൽ ഗതാഗതത്തിനും ഏറെ സാധ്യതയുള്ള തുറമുഖമാണ് അഴീക്കൽ. ഇവിടെ കപ്പൽ ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കും. കണ്ണൂരിൽനിന്ന് തിരിച്ച് ചരക്ക് കുറവാണെന്ന കാരണത്താലാണ് കപ്പലുകൾ അഴീക്കലിലേക്ക് വരാൻ വിമുഖത കാട്ടുന്നത്. ഇതിന് പരിഹാരമായി കേരള മാരിടൈം ബോർഡ് സ്വന്തമായി രണ്ട് കപ്പലുകൾ വാങ്ങി ഗതാഗതം പുന:സ്ഥാപിക്കും. വലിയ ഒരു കപ്പൽ നിർമ്മിക്കാനാണ് ആദ്യം ഉദ്ദേശിച്ചത്. എന്നാൽ സ്ഥിരമായ ചരക്ക് ഗതാഗതത്തിന് ചെറിയ രണ്ട് കപ്പലുകളാവും നല്ലതെന്ന അഭിപ്രായത്തെ തുടർന്നാണിത്. 2023 - 2024 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ഇതിനുള്ള തുക വകയിരുത്താൻ 30 കോടി രൂപയുടെ പ്രൊപ്പോസൽ നൽകും. ലഭിക്കാൻ സാധ്യതയുള്ള ചരക്കുകളെ കുറിച്ച് സെൻറർ ഫോർ മാനേജ്മെൻറ് ആൻഡ് ഡെവലപ്മെന്റ് മുഖേന പഠനം നടത്തും. അഴീക്കലിൽ കപ്പൽചാലിന് നിലവിൽ മൂന്ന് മീറ്ററാണ് ആഴം. ഇത് നാലു മീറ്ററായി വർധിപ്പിക്കാനും ചരക്ക് കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതിന് ആവശ്യമായ വെയർഹൗസ് നിർമ്മിക്കാനുമുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കും. പദ്ധതി നടപ്പാക്കാൻ വൈകിയതിനാൽ അഴീക്കൽ തുറമുഖത്ത് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്ക് അനുവദിച്ച തുക തിരിച്ചെടുത്തിരുന്നു. ഈ തുക തിരികെ ലഭിക്കുന്നതിനും പദ്ധതി നടപ്പാക്കുന്നതിനുമുള്ള നടപടികളും സ്വീകരിക്കുമെന്ന് മാരി ടൈം ബോർഡ് ചെയർമാൻ അറിയിച്ചു. യോഗത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ , കെ വി സുമേഷ് എംഎൽഎ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പങ്കെടുത്തു.