ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം ഉടന്‍ മാറും: മന്ത്രി സി. രവീന്ദ്രനാഥ്

post

കണ്ണൂര്‍: ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം ഉടന്‍ മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. മാര്‍ച്ച് അവസാനത്തോടെ കേരളത്തില എല്ലാ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലും ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക് ആയി മാറും. കേരളത്തില്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 5500 കോടി രൂപയാണ്  സര്‍ക്കാര്‍ ചെലവിട്ടത്. 2500 ഓളം സ്‌കൂളുകള്‍ ഈ രീതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. 45000 സ്‌കൂളുകള്‍ ഹൈടെക് ആയിക്കഴിഞ്ഞു. 2020-2021 വര്‍ഷം കേരളത്തിന്റെ സുവര്‍ണ അക്കാദമിക വര്‍ഷമായി മാറുമെന്നും മന്ത്രി പറഞ്ഞു.  പുതിയ അധ്യയന വര്‍ഷത്തേക്ക്  പാഠ പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ചെറുകുന്ന് മാപ്പിള എല്‍ പി സ്‌കൂളിനായി നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാര്‍വത്രിക വിദ്യാഭ്യാസത്തില്‍  കേരളം ലോകത്തിനു തന്നെ മാതൃകയാണ്. ആധുനിക വിദ്യാഭ്യാസത്തിലും ഒന്നാമതെത്തുകയാണ് നമ്മുടെ ലക്ഷ്യം. ഈ മാറ്റത്തിനായി 790 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. അതില്‍ 600 കോടിയും എയ്ഡഡ്  സ്‌കൂളുകള്‍ക്കു നല്‍കി.

ഏകദേശം ഒരുകോടി രൂപ ചെലവിലാണ് സി എം എല്‍ പി സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ചലഞ്ച് ഫണ്ടായി 25 ലക്ഷം രൂപ അനുവദിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റും സന്നദ്ധസംഘടനകളും നാട്ടുകാരും ചേര്‍ന്നാണ് ബാക്കി തുക സാമാഹരിച്ചത്. 1943ല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ച സ്‌കൂള്‍ 2014ല്‍ 14 വിദ്യാര്‍ഥികള്‍ മാത്രമായി അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ടിരുന്നു. ഈ  സ്ഥിതിയില്‍ നിന്നാണ് പിന്നീട് 155 കുട്ടികളിലേക്ക് എത്തിച്ചേര്‍ന്നത്.