സ്ത്രീ സുരക്ഷയില്‍ രണ്ടാം സ്ഥാനത്ത് നിന്ന് രാജ്യത്ത് ഒന്നാമതെത്തുക ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീ സുരക്ഷയില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാ രത്‌ന പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മിക്ക സാമൂഹ്യ സൂചികകളിലും കേരളം ഒന്നാമതാണ്. ഇത് അഭിമാനം പകരുന്ന നേട്ടമാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സ്ത്രീ സുരക്ഷയില്‍ ഇപ്പോള്‍ സംസ്ഥാനം രാജ്യത്ത് രണ്ടാമതാണ്. ഒന്നാം സ്ഥാനത്തെത്തുകയെന്നത് അടിയന്തര കടമയായി ഏറ്റെടുക്കും. സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിലും സ്ത്രീ സുരക്ഷയിലും സമൂഹത്തിന് വലിയ പങ്കുണ്ട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് 600 കേന്ദ്രങ്ങളില്‍ രാത്രി നടത്തം സംഘടിപ്പിച്ചത്. ഇതിന് വലിയ പങ്കാളിത്തമുണ്ടായി.
കേരളം ധാരാളം വിനോദ സഞ്ചാരികള്‍ വരുന്നയിടമാണ്. ചില പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷിത നൈറ്റ് ലൈഫ് ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പ്രധാന നഗരങ്ങളിലാണ് ഇതൊരുക്കുക. രാത്രിയില്‍ കുടുംബസമേതം ഇവിടങ്ങളില്‍ വന്ന് ഭക്ഷണം കഴിക്കാനും കലാപരിപാടികള്‍ ആസ്വദിക്കാനും പ്രദര്‍ശനങ്ങള്‍ കാണാനുമെല്ലാം സൗകര്യമുണ്ടാവും. ഇവയെല്ലാം വലിയ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്ന കേന്ദ്രങ്ങളായിരിക്കും. രാത്രിയില്‍ സജീവമാവുന്ന കേന്ദ്രങ്ങള്‍ പകല്‍ സാധാരണയിടങ്ങളായിരിക്കും. സ്ത്രീകളെ പൂജിക്കുന്നിടത്ത് ദേവത കളിയാടുന്നു എന്ന സൂക്തം പറയുമ്പോള്‍ തന്നെ സ്്ത്രീകളെ നിന്ദിക്കാനും ചവിട്ടിത്തേക്കാനും ശ്രമമുണ്ടാവുന്നു. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രങ്ങളുടെ പിന്തുടര്‍ച്ചാ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിലെ സ്ത്രീ ശാക്തീകരണ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു വനിതാ മതിലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ ഉന്നമനത്തിന് പ്രത്യേക പ്രാധാന്യം സര്‍ക്കാര്‍ നല്‍കുന്നു. സ്ത്രീകള്‍ക്ക് താമസിക്കുന്നതിന് കൂട് എന്ന സംവിധാനവും തിരുവനന്തപുരത്ത് വണ്‍ഡേ ഹോം സംവിധാനവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇവ കേരളത്തില്‍ വ്യാപിപ്പിക്കും. കൊച്ചുകുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ നടപടി സ്വീരിച്ചിട്ടുണ്ട്. ഇതിനായി സ്‌കൂളുകളില്‍ കൗണ്‍സലിംഗ് സൗകര്യമൊരുക്കും. അധ്യാപകരോടു കുട്ടികള്‍ക്ക് ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്ന അവസ്ഥയുണ്ടാവും. അധ്യാപകര്‍ മെന്റര്‍മാരായി മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വനിതാ, ശിശുവികസന വകുപ്പിന്റെ വെബ്‌സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മനുഷ്യത്വ വിരുദ്ധ ആചാരങ്ങള്‍ നാം തള്ളിക്കളയണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വനിത ശിശുവികസന മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ ഇന്നും പിന്തുടരുന്ന സ്ഥിതിയാണ്. സ്ത്രീകള്‍ ശാസ്ത്രബോധമുള്ളവരായി മാറണം. സ്ത്രീ അപമാനിക്കപ്പെടുമ്പോള്‍ ഒരു കുടുംബമാകെ അപമാനിക്കപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു.
വി. കെ. പ്രശാന്ത് എം.എല്‍.എ, സമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി. വി. അനുപമ, സംസ്ഥാന ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി. കെ. ആനന്ദി, യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ സംബന്ധിച്ചു.