ചേലക്കരയെ നെല്ല് സംഭരണത്തിന്റെയും പച്ചക്കറി വിപണനത്തിന്റെയും കേന്ദ്രമാക്കും

തൃശ്ശൂര്‍: ചേലക്കരയെ നെല്ല് സംഭരണത്തിന്റെയും പച്ചക്കറി വിപണത്തിന്റെയും കേന്ദ്രമാക്കി മാറ്റുമെന്ന് കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. പ്രളയാനന്തരം കാര്‍ഷിക മേഖലയില്‍ കുട്ടനാട്ടില്‍ 40 ശതമാനം വര്‍ദ്ധനവ് ഉണ്ടയെങ്കിലും മറ്റ് മേഖലയില്‍ വലിയ നഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. നഷ്ടം നികത്താനും പോയവ വീണ്ടെടുത്ത് സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ആര്‍ ഐ ഡി എഫ് 25 പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം മൂലം മേല്‍മണ്ണിന്റെ ജൈവികത നഷ്ടപ്പെട്ടത് കാര്‍ഷിക മേഖലയ്ക്ക് വലിയ വെല്ലുവിളിയായെന്നും മന്ത്രി പറഞ്ഞു. റിബീല്‍ഡ് കേരള പദ്ധതയില്‍ മറ്റ് വികസന പ്രവര്‍ത്തനങ്ങളേക്കാള്‍ പ്രധാന്യം നല്‍കിയിരിക്കുന്നത് മണ്ണ് ജല സംരക്ഷണത്തിനാണ്. ഇതിന് വേണ്ടിയാണ് 60 ശതമാനവും റീബില്‍ഡ് കേരളയില്‍ ചെലവഴിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഗായത്രി പുഴ സമഗ്ര നീര്‍ത്തട പദ്ധതി, കുഴിയാം പടം തെക്കേ കൊണ്ടാഴി നീര്‍ത്തടം പദ്ധതി എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.
മണ്ണുപര്യവേക്ഷണം മണ്ണുസംരക്ഷണ വകുപ്പിന് കീഴില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ ആര്‍ ഐ ഡി എഫ് 25 ല്‍ ഉള്‍പ്പെടുത്തി പഴയന്നൂര്‍ ബ്ലോക്കിലെ കൊണ്ടാഴി പഞ്ചായത്തില്‍ ഉള്‍പ്പെട്ട കുഴിയാന്‍ പാടം തെക്കേ കൊണ്ടാഴി നീര്‍ത്തട പ്രവര്‍ത്തനങ്ങള്‍ക്കായി 77.99 ലക്ഷം ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ട്. ജില്ലയില്‍ രണ്ട് പ്രോജക്ടുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 651.75 ഹെക്ടര്‍ പേദേശത്ത് പ്രയോജനം ലഭിക്കുന്ന കുഴിയാന്‍ പടം തെക്കേ കൊണ്ടാഴി നീര്‍ത്തടത്തില്‍ കൊണ്ടാഴി പഞ്ചായത്തിലെ ആറ്, ഏഴ്, 12, 13 വാര്‍ഡുകള്‍ ഭാഗികമായി ഉള്‍പ്പെട്ടു. കല്ലുകയ്യേലകള്‍, മഴക്കുഴികള്‍ വൃക്ഷതൈ നടീല്‍, അഗ്രോ ഫോറസ്ട്രി, കിണര്‍ റീചാര്‍ജ്ജിംഗ് യൂണിറ്റുകള്‍ കൊളക്കാട്ടുകളും പുനരുദ്ധാരണം, പാര്‍ശ്വഭിത്തി സംരക്ഷണം എന്നി പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എസ്റ്റിമേറ്റ് തുകയാണ് 77.99 ലക്ഷം രൂപ.
പ്രളയാനന്തരം കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും കൃഷി വികസനത്തിലൂടെ കാര്‍ഷിക പൈത്യകം വീണ്ടെടുക്കുന്നതിനായി നബാര്‍ഡ് സാമ്പത്തിക സഹായത്തോടെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി വിനിയോഗിച്ച് ആര്‍ ഐ ഡി എഫ് 25-ാം ഘട്ടത്തില്‍ 34.65 കോടിയുടെ 33 മണ്ണ് ജല സംരക്ഷണ പദ്ധതികള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം അംഗീകാരം ലഭിച്ചു. വിവിധ ജില്ലകളിലായി 18,838 ഹെക്ടര്‍ പ്രദേശത്ത് വിവിധ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അവലംബിച്ച് പരിസ്ഥിതി പുനരുജ്ജീവനം സാധ്യമാക്കുവാനും പദ്ധതി നിര്‍വ്വഹണത്തിലൂടെ ലക്ഷ്യമിടുന്നു. പദ്ധതി നിര്‍വ്വഹണ വഴി പദ്ധതി പ്രദേശങ്ങളിലെ പാടശേഖരങ്ങളുടെ വെള്ളപ്പൊക്ക ഭീഷണി നിയന്ത്രണ വിധേയമാക്കാനാവും. നീര്‍ച്ചാലുകള്‍ സംരക്ഷിക്കുവാനും, അടിസ്ഥാന സൗകര്യ വികസനം വഴി മണ്ണൊലിപ്പ് തടയുവാനും ഭൂഗര്‍ഭ ജലിതാനം ഉയര്‍ത്തുവാനും കൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും സാധ്യമാകും.
കൊണ്ടാഴി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ 25 ഓളം കാര്‍ഷിക കാര്‍ഷികേതര പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു.
യു. ആര്‍. പ്രദീപ് എം എല്‍ എ അധ്യക്ഷത വഹിച്ചു. മന്ത്രി വി. എസ് സുനില്‍ കുമാര്‍ കൊണ്ടാഴി നീര്‍ത്തടത്തിന്റെ മലയാള പരിഭാഷാ പകര്‍പ്പ് കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖാ പ്രദീപിന് കൈമാറി. ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, മണ്ണുപര്യവേക്ഷണ മണ്ണുസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എസ്. അംബിക, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. കെ. ഉദയപ്രകാശ്, മണ്ണുസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ബിജു, ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി സുജാത, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.