കാത്ത്‌ലാബ് ജനുവരിയോടെ പ്രവര്‍ത്തന സജ്ജമാകും

post

വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാത്ത്‌ലാബ് ജനവരിയോടെ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. മാനന്താവാടി പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന മെഡിക്കല്‍ കോളേജ് ആശുപത്രി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. കാത്ത് ലാബ് സജ്ജീകരിക്കുന്നതിനുളള സിവില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ഡിസംബര്‍ രണ്ടാം വാരത്തില്‍ പൂര്‍ത്തിയാക്കണം.

കാലിബറേഷന്‍ നടപടികള്‍ക്ക് മുന്നോടിയായി ഹൃദ്രോഗ വിദഗ്ധന്റെ സേവനം ആശുപത്രിയില്‍ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. നഴ്‌സ്മാരടക്കമുളള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനവും ഇക്കാലയളവിനുളളില്‍ നല്‍കണം. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതല നല്‍കിയിട്ടുണ്ടെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.