ആലപ്പുഴയുടെ വികസന മാതൃകകള്‍; ശ്രദ്ധേയമായി കിഫ്ബി പ്രദര്‍ശനം

ആലപ്പുഴ : കിഫ്ബി വഴി സംസ്ഥാനത്തു നടപ്പാക്കുന്ന പദ്ധതികളുടെ പ്രചാരണത്തിനും ബോധവല്‍ക്കരണത്തിനുമായി ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള നിര്‍മിതി പ്രദര്‍ശനം ജനത്തിരക്ക് കൊണ്ടു ശ്രദ്ധേയമാകുന്നു. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പ്രദര്‍ശനം മാര്‍ച്ച് 10ന് അവസാനിക്കും.
സംസ്ഥാനത്തുടനീളം കിഫ്ബി വഴി നിര്‍മ്മിക്കുന്ന പ്രധാന പദ്ധതികളുടെ ത്രിമാന രൂപങ്ങളാണ് പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ പ്രധാന പദ്ധതികളായ ജില്ലാ കോടതി പാലം, കായംകുളം സിനിമാ തീയേറ്റര്‍ സമുച്ചയം, തുറവൂര്‍ താലൂക് ആശുപത്രി, പെരുമ്പളം പാലം, ആലപ്പുഴ നഗരത്തിലെ കനാല്‍ നവീകരണം, ആലപ്പുഴ മൊബിലിറ്റി ഹബ് തുടങ്ങിയവയുടെയും സംസ്ഥാനത്തെ പ്രധാന പദ്ധതികളായ വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ലൈ ഓവറുകള്‍, കുതിരാന്‍ തുരങ്കം, വയനാട് ഇന്‍ഡോര്‍ സ്റ്റേഡിയം തുടങ്ങിയവയുടെയും ത്രിമാന മാതൃകകള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി, നിര്‍മ്മാണത്തിനാവശ്യമായ തുക, വിസ്തൃതി, പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ എന്നിവ വിശദീകരിച്ചുള്ള ബോര്‍ഡുകളും ഓരോ മാതൃകക്കുമൊപ്പം സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ലഭിക്കുന്നതിനായി ക്യു ആര്‍ കോഡുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓരോ പദ്ധതിയെക്കുറിച്ചും വിവരിക്കുന്നതിനായി പ്രത്യേകം നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പുറമെയാണിത്. പ്രദര്‍ശനം കാണാനെത്തിയവര്‍ക്കായി സംശയ നിവാരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം തുടങ്ങിയ ആദ്യം ദിനം തന്നെ നൂറുകണക്കിന് ആളുകളാണ് ഇ. എം. എസ് സ്റ്റേഡിയത്തില്‍ എത്തിയത്.