എസ്.എസ്.എല്‍.സി. പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍

* പരീക്ഷയ്ക്ക് 4,22,450 വിദ്യാര്‍ഥികള്‍
* മൂല്യനിര്‍ണ്ണയം ഏപ്രില്‍ രണ്ട് മുതല്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി/ റ്റി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 26 വരെ നടക്കും. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ ഒന്‍പത് കേന്ദ്രങ്ങളിലുമായി 422450 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. 216067 ആണ്‍കുട്ടികളും 206383 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുക.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 138457 കുട്ടികളും എയിഡഡ് സ്‌കൂളുകളില്‍ 253539 കുട്ടികളും അണ്‍ എയിഡഡ് സ്‌കൂളുകളില്‍ 30454 കുട്ടികളും പരീക്ഷയെഴുതും.
ഗള്‍ഫ് മേഖലയില്‍ 597 കുട്ടികളും ലക്ഷദ്വീപ് മേഖലയില്‍ 592 പേരും പരീക്ഷ എഴുതുന്നു. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ (പി.സി.ഒ) 87 പേരും പരീക്ഷ എഴുതും.
മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് (26869). ഏറ്റവും കുറവ് ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (2107).
ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി വദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ് (2327). കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തെക്കേക്കര ഗവണ്‍മെന്റ് എച്ച്.എസിലാണ് ഏറ്റവും കുറവ്, രണ്ടു പേര്‍.
റ്റി.എച്ച്.എസ്.എല്‍.സി വിഭാഗത്തില്‍ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3091 പേരാണ് പരീക്ഷ എഴുതുന്നത് (ആണ്‍കുട്ടികള്‍ 2828, പെണ്‍കുട്ടികള്‍ 263).
എ.എച്ച്.എസ്.എല്‍.സി വിഭാഗത്തില്‍ ചെറുതുരുത്തി ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലാമണ്ഡലം കേന്ദ്രത്തില്‍ 70 പേരാണ് പരീക്ഷയെഴുതുന്നത്.
എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 261 പേരും റ്റി.എച്ച്എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ രണ്ട് കേന്ദ്രങ്ങളിലായി 17 പേരുമാണുള്ളത്.
54 കേന്ദ്രീകൃത ക്യാമ്പുകളില്‍ രണ്ട് ഘട്ടങ്ങളായാണ് മൂല്യനിര്‍ണ്ണയം നടക്കുക. ആദ്യഘട്ടം ഏപ്രില്‍ രണ്ട് മുതല്‍ എട്ട് വരെയും രണ്ടാം ഘട്ടം 15 മുതല്‍ 23 വരെയുമാണ്. മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരുടെയും അസിസ്റ്റന്റ് എക്‌സാമിനര്‍മാരുടെയും നിയമന ഉത്തരവുകള്‍ മാര്‍ച്ച് 26 മുതല്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് 30നും 31നും 12 സ്‌കൂളുകളിലായി നടക്കും.