കടലില്‍പ്പെടുന്നവരെ രക്ഷിക്കാനുള്ള നൂതന ഉപകരണം പരീക്ഷിച്ചു

post

ആലപ്പുഴ: കടലില്‍ അപകടത്തില്‍പ്പെടുന്നവരെ റിമോട്ടില്‍ നിയന്ത്രിക്കുന്ന ഉപകരണം ഉപയോഗിച്ച് രക്ഷിച്ച് കരക്കെത്തിക്കുന്നതിനുള്ള നൂതന സംവിധാനം ആലപ്പുഴ ബീച്ചില്‍ പരീക്ഷിച്ചു. റിമോട്ട് സംവിധാനത്തിലൂടെ കരയില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണം ഡി.ടി.പി.സി.യുടെ ആവശ്യത്തിനായി ഡി.ടി.പി.സി. ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ കൃഷ്ണ തേജയുടെ നേരിട്ടുള്ള ഇടപെടലിലാണ് പരീക്ഷിച്ചത്. എം.എല്‍.എ. എച്ച്. സലാം ഉപകരണത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ആന്ധ്രപ്രദേശിലെ 'സേഫ് സീസ്' എന്ന സ്ഥാപനമാണ് റിമോട്ട് ഓപ്പറേറ്റിങ് ലൈഫ് ബോയ് സംവിധാനം വികസിപ്പിച്ചെടുത്തത്. കേരളത്തിലാദ്യമായാണ് ഇത്തരമൊരു ഉപകരണം പരീക്ഷിക്കുന്നത്.


അപകടത്തില്‍പ്പെട്ടവരുടെ അടുത്ത് അതിവേഗം എത്തി രക്ഷിക്കുന്ന രീതിയിലാണ് ഉപകരണം പ്രവര്‍ത്തിക്കുന്നതെന്ന് എം.എല്‍.എ. പറഞ്ഞു. ആലപ്പുഴയ്ക്ക് അനുയോജ്യമെന്ന് കണ്ടെത്തിയാല്‍ ജില്ലയില്‍ ഉപകരണം എത്തിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ. വ്യക്തമാക്കി. കടലില്‍പ്പെടുന്നവരെ എത്രയും വേഗത്തിൽ രക്ഷിക്കാനാകണം എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.


അപകടത്തില്‍പ്പെടുന്നവരെ മുപ്പത് സെക്കന്‍ഡിനുള്ളില്‍ രക്ഷിക്കാനാകുമെന്ന് സേഫ് സീസ് ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ അലിഅസ്ഗര്‍ കല്‍ക്കട്ടാവാല പറഞ്ഞു. 200 കിലോ ഭാരം താങ്ങാനാവുന്ന ഉപകരണത്തിലൂടെ ഒരേസമയം മൂന്ന് പേരെ വരെ രക്ഷിച്ച് കരയ്‌ക്കെത്തിക്കാം. ഉപകരണത്തിന് ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിക്കാനാകും. 12 കിലോ മാത്രമാണ് ഉപകരണത്തിന്റെ ഭാരം. വിഗദ്ധരുടെ സഹായമില്ലാതെ ഏതൊരു സാധാരണക്കാരനും ഇത് പ്രവര്‍ത്തിപ്പിക്കാനുമാകും.


വേഗതയുടെ അടിസ്ഥാനത്തില്‍ അഞ്ചര ലക്ഷം മുതല്‍ ഏഴര ലക്ഷം രൂപവരെയാണ് ഉപകരണത്തിന്റെ വില. ഇന്ത്യന്‍ നാവികസേനയും കരസേനയും സേഫ് സീസ് ഉപയോഗിക്കുന്നുണ്ട്. നാവികസേനയുടെ 180 കേന്ദ്രങ്ങളില്‍ ഉപകരണം പ്രവര്‍ത്തിക്കുന്നതായും അലിഅസ്ഗര്‍ പറഞ്ഞു.