ജില്ലയില്‍ കൈത്തറി ഗ്രാമം

post

കണ്ണൂര്‍: വനിതാ ദിനത്തില്‍ സ്ത്രീ സംരംഭകരുമായി ആശയവിനിമയം നടത്തിയും അവര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. ഭാര്യ പി കെ ഇന്ദിരയോടൊപ്പം കീച്ചേരിയിലെ വീട്ടുമുറ്റത്തിരുന്നാണ് മന്ത്രി വനിതാ സംരംഭകരുടെ 'വര്‍ത്തമാനങ്ങള്‍' കേട്ടത്.

തറിയുടെ നാടായി അറിയപ്പെടുന്ന ജില്ലയില്‍ സവിശേഷമായ കൈത്തറി ഗ്രാമം ഒരുക്കാനുള്ള തന്റെ സ്വപ്‌ന പദ്ധതിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്ന വിധത്തിലായിരിക്കും കൈത്തറി ഗ്രാമം നിര്‍മിക്കുക. 100ലേറെ തറികളില്‍ മികച്ചയിനം കൈത്തറി പട്ടിലുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ നിര്‍മിച്ച് ദേശീയ-അന്തര്‍ദേശീയ കമ്പോളങ്ങളിലെത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പദ്ധതി രേഖ സര്‍ക്കാരിന്റെ പരിഗണനയിലാണ്. കൈത്തറി കേന്ദ്രങ്ങളോടൊപ്പം നെയ്ത്തുകാര്‍ക്കും കുടുംബങ്ങള്‍ക്കും താമസിക്കാനുള്ള വീടുകള്‍, അംഗണവാടികള്‍, നഴ്‌സറികള്‍, കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനുമുള്ള കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ക്ലബ്, എന്റര്‍ടെയിന്‍മെന്റ് പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളോട് കൂടിയതായിരിക്കും കൈത്തറി ഗ്രാമം. മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ച് മനോഹരമായ ചുറ്റുപാടുകള്‍ ഉള്‍ക്കൊള്ളുന്നതാവും ഇത്. മികച്ച ഒരു ടൂറിസം കേന്ദ്രമായി കൂടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കൈത്തറി ഗ്രാമത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വീട്ടിലെത്തിയ ഇരുപതിലേറെ വനിതാസംരംഭകര്‍ തങ്ങളുടെ വ്യവസായ സംരംഭങ്ങള്‍ മന്ത്രിക്ക് പരിചയപ്പെടുത്തി. ഗോതമ്പ് പുട്ട്‌പൊടി ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്ന കൂത്തുപറമ്പ് ആമ്പിലാട്ടെ ചൈതന്യ ഫഌര്‍ മില്‍ സംരംഭക ടി. വിജിനയ്ക്ക് വേണ്ടത് ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്താനുള്ള സഹായമായിരുന്നു. ഗോതമ്പും അരിയും മല്ലിയുമെല്ലാം പൊടിച്ചുണ്ടാക്കുന്ന തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നാട്ടുമ്പുറത്ത് ആവശ്യക്കാരേറെയുണ്ടെങ്കിലും അവ പുറത്തെത്തിക്കാന്‍ സംവിധാനങ്ങളില്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടെന്നും അവര്‍ പറഞ്ഞു. പ്രദേശത്തെ സഹകരണ സ്ഥാപനങ്ങളിലുള്‍പ്പെടെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ അവസരമൊരുക്കാമെന്നും ഇക്കാര്യത്തില്‍ വ്യവസായവകുപ്പ് ഉദ്യോഗസ്ഥന്റെ സഹായം ലഭ്യമാക്കുമെന്നും മന്ത്രി അവര്‍ക്ക് ഉറപ്പുനല്‍കി.

രണ്ടുപേരെ വച്ച് തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് കമ്പനി കേരളത്തിലുടനീളം 300ലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭമായി മാറിയതിന്റെ സന്തോഷം നീലേശ്വരം സ്വദേശി സംഗീത അഭയ് മന്ത്രിയുമായി പങ്കുവച്ചു. ഖാദിയെയും കൈത്തറിയെയും തനിമ ചോരാതെ പുതിയ ഫാഷന്‍ ഡിസൈനുകളിലേക്ക് മാറ്റാനായതാണ് ഈവ് എന്ന തങ്ങളുടെ സ്ഥാപനത്തിന്റെ വിജയം. ജില്ലാ വ്യവസായ കേന്ദ്രം, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവയുടെ മികച്ച പിന്തുണയും ഏറെ സഹായകമായി. താമസിയാതെ പദ്ധതി ഗോവയിലേക്കു കൂടി വ്യാപിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. നെല്ലു കുത്തി തവിട് കളയാത്ത അരി തയ്യാറാക്കുന്ന ചെറുതാഴത്തെ പെണ്‍കൂട്ടായ്മ ബാക്കി വരുന്ന ഉമി ഉല്‍പ്പന്നമാക്കുന്നതിനുള്ള സഹായമാണ് മന്ത്രിയില്‍ നിന്ന് തേടിയത്. തേങ്ങ, നെല്ല് ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍ മാത്രമേ അവയുടെ കൃഷി ലാഭകരമാക്കാനാവൂ എന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാമെന്നും മന്ത്രി അറിയിച്ചു. 

നാച്വറല്‍ ഫുഡ് പ്രൊഡക്ട്‌സ് സംരംഭകരായ കൊളച്ചേരിയിലെ പി ഷിജിയും സംഘവും സ്വന്തമായി നെല്ലു കുത്തിയുണ്ടാക്കിയ അവിലുമായാണ് മന്ത്രിയെ കാണാനെത്തിയത്. കൂടുതല്‍ വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകരായി വളരാന്‍ ആവശ്യമായ പിന്തുണയും സഹായവും മന്ത്രി അവര്‍ക്ക് വാഗ്ദാനം ചെയ്തു. ഷൈന്‍ ബെനവന്‍, ലിസ മായന്‍, പി കെ മേഘ, എം ജിഷ തുടങ്ങിയ സംരംഭകരും ചര്‍ച്ചയില്‍ പങ്കെടുത്തു.

മറ്റുള്ളവരുടെ സഹായത്തിന് കാത്തുനില്‍ക്കാതെ സ്ത്രീകള്‍ സ്വന്തം കാലില്‍ എഴുന്നേറ്റു നില്‍ക്കുമ്പോഴാണ് അവര്‍ക്ക് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താനാവുകയെന്ന് തന്റെ വനിതാദിന സന്ദേശമായി മന്ത്രി കൂട്ടിച്ചേര്‍ത്തു. 'സ്ത്രീകള്‍ക്ക് ഭയന്നു പിന്‍മാറി നില്‍ക്കേണ്ടവരല്ല. നിങ്ങളുടെ ഏത് ആശയത്തിനും സംരംഭത്തിനുമൊപ്പം സംസ്ഥാന സര്‍ക്കാരുണ്ട്. ധൈര്യത്തോടെ മുന്നോട്ടു പോവുക' മന്ത്രി പറഞ്ഞു.  മന്ത്രിക്കൊപ്പം ഒരു വനിതാദിന സെല്‍ഫിയുമെടുത്താണ് വനിതാ സംരംഭകര്‍ മടങ്ങിയത്.