ലഹരി മുക്ത കേരളം രണ്ടാം ഘട്ട ക്യാംപെയിനില്‍ ജനുവരി 26 വരെ വിവിധ കര്‍മപരിപാടികള്‍

post

മികച്ച പ്രതികരണം ലഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മുക്ത കേരളം ക്യാമ്പെയിനിന്റെ ഒന്നാം ഘട്ടം നവംബര്‍ ഒന്നിന് അവസാനിച്ചതിന് പിന്നാലെയാണ് ക്യാമ്പെയിനിന്റെ രണ്ടാം ഘട്ടത്തിന് നവംബര്‍ 14ന് തുടക്കമായത്. ശിശുദിനം മുതല്‍ 2023 ജനുവരി 26 റിപ്പബ്ലിക് ദിനം വരെയുള്ള രണ്ടാം ഘട്ട ലഹരി വിമുക്ത കേരളം പരിപാടി ഊര്‍ജ്ജിതമായി വിവിധതലങ്ങളില്‍ നടപ്പിലാക്കും.

ലഹരി മുക്ത കേരളം പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ജില്ലാതല സമിതികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന സമിതികള്‍, വിദ്യാലയ സമിതികള്‍ എന്നിവ യോഗം ചേര്‍ന്ന് ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിപാടികള്‍ ആവിഷ്‌കരിക്കും.

നവംബര്‍ 15 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ കോളേജുകളില്‍ കരിയര്‍ ഡെവലപ്മെന്റ് പരിപാടികള്‍ നടത്തും. വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി ജാഗ്രതാ സദസ്സുകള്‍, സ്ട്രെസ് മാനേജ്മെന്റ് ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. ലഹരി മുക്ത ഇടം, മീഡിയ കിറ്റ് നിര്‍മാണവും പ്രചരണവും, സമ്പൂര്‍ണ ലഹരി മുക്ത കുടുംബം, തുടങ്ങിയ പരിപാടികളും ക്യാംപെയിനിന്റെ ഭാഗമായി ആവിഷ്‌കരിച്ച് നടപ്പാക്കും.

ഡിസംബര്‍ നാല് മുതല്‍ 10 വരെയുള്ള മനുഷ്യാവകാശ വാരത്തിന്റെ ഭാഗമായി തെളിവാനം വരയ്ക്കുന്നവര്‍ എന്ന ബോധവത്കരണ പുസ്തകത്തിന്റെ ആദ്യ വായന വിദ്യാര്‍ഥികള്‍ക്കായി നടത്തും. ഡിസംബര്‍ അഞ്ച് മുതല്‍ ഏഴ് വരെ സംയുക്ത വിദ്യാലയ സന്ദര്‍ശനം, സോഷ്യല്‍ ഓഡിറ്റിംഗ് നടത്തും. ഡിസംബര്‍ 10ന് മനുഷ്യാവകാശ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 12 മുതല്‍ 31 വരെ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍, ടര്‍ഫുകള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസ് നടത്തും.

ഡിസംബര്‍ 15 മുതല്‍ ജനുവരി 12 വരെ പട്ടിക ജാതി പട്ടിക വര്‍ഗ മേഖലകളില്‍ ബോധവത്കരണ പ്രവര്‍ത്തനം, ഡിസംബര്‍ 16 മുതല്‍ 30 വരെ അതിഥി തൊഴിലാളി മേഖലയില്‍ സംയുക്ത പരിശോധനയും അവബോധ ക്ലാസുകളും, ഡിസംബര്‍ 16 മുതല്‍ 31 വരെ തീരദേശ മേഖലകള്‍, സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങള്‍, ജലഗതാഗത മേഖലകള്‍ എന്നിവിടങ്ങളില്‍ പൊതുപരിപാടികള്‍ നടത്തും.

ഡിസംബര്‍ 21 മുതല്‍ ജനുവരി ആദ്യവാരം വരെ കുടുംബശ്രീ നടത്തുന്ന വിവര ശേഖരണം, വടംവലി മത്സരങ്ങള്‍, ഒപ്പം സാംസ്‌കാരിക സ്ഥാപനങ്ങള്‍ മുഖേനയുള്ള പ്രചരണം, ഡിസംബര്‍ 22 മുതല്‍ ഡിസംബര്‍ 29 വരെ ടൂര്‍ ഓപ്പറേറ്റിംഗ് കേന്ദ്രങ്ങള്‍, അന്തര്‍ സംസ്ഥാന വാഹന ജീവനക്കാര്‍, പ്രൈവറ്റ് ബസ്സുകള്‍, ഓട്ടോ ടാക്സി സമാന്തര വാഹന സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്ന് വരെ ഐ.ടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, ഡിസംബര്‍ 26 മുതല്‍ ജനുവരി 26 വരെ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍, ഹാഷ് ടാഗ് ചലഞ്ച്.

ജനുവരി മൂന്ന് മുതല്‍ 20 വരെ എക്സൈസ്, വിമുക്തി മിഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേര്‍ന്ന് കുട്ടികള്‍ക്കായി തയ്യാറാക്കിയ ബോധവത്കരണ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍. ജനുവരി 3 മുതല്‍ 6 വരെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ സദസ്സുകള്‍. ജനുവരി 4 മുതല്‍ 11 വരെ സിനിമാ സീരിയല്‍ മേഖലകളില്‍ ബോധവത്കരണ സെമിനാറുകള്‍, ജാഗ്രതാ സദസ്സുകള്‍. ജനുവരി 9 മുതല്‍ 26 വരെ വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണ പരിപാടികള്‍, പ്രൊഫൈല്‍ പിക് ചലഞ്ച്, ജനുവരി 10 മുതല്‍ 16 വരെ റോട്ടറി ക്ലബുകള്‍, ലയന്‍സ് ക്ലബുകള്‍, ജെ.സി.ഐ, ഇന്നര്‍വീല്‍, ഫ്രീമെന്‍സ് ക്ലബ് എന്നിവരുമായി സഹകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍.

ജനുവരി 12 മുതല്‍ 14 വരെ ചുമട്ട് തൊഴിലാളികള്‍, ചെറുകിട വ്യവസായ മേഖലകള്‍, കയര്‍ മേഖല, അസംഘടിത തൊഴിലാളികള്‍ എന്നീ മേഖലകളില്‍ ബോധവത്കരണ സദസ്സുകള്‍. ജനുവരി 13 മുതല്‍ 18 വരെ സ്റ്റുഡന്‍സ് ഹോസ്റ്റലുകള്‍, വര്‍ക്കിംഗ് മെന്‍/ വിമെന്‍ ഹോസ്റ്റലുകള്‍, പ്രീമെട്രിക് / മെട്രിക് ഹോസ്റ്റലുകള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍, ഡോര്‍മിറ്ററികള്‍, റിസോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കലും. ജനുവരി 18 മുതല്‍ 21 വരെ മെഡിക്കല്‍ സ്റ്റോറുകള്‍, ആയുര്‍വേദ ഔഷധ ശാലകള്‍, മരുന്ന് നിര്‍മാണ യൂണിറ്റുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍. ജനുവരി 21 മുതല്‍ 25 വരെ ലഹരിയില്ലാ തെരുവ് പരിപാടി സംഘടിപ്പിക്കും. ജനുവരി 26ന് രണ്ടാംഘട്ട സമാപനം ലഹരിയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍