പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കണം: ജില്ലാ കളക്ടര്‍

post

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. രോഗലക്ഷണമുള്ളവരില്‍ നിന്നും വ്യക്തി സമ്പര്‍ക്കം ഒഴിവാക്കണം. പരമാവധി പൊതുപരിപാടികള്‍ ഒഴിവാക്കണം. കല്ല്യാണം, മരണാനന്തര ചടങ്ങുകള്‍, ഉത്സവങ്ങള്‍, പെരുന്നാള്‍, മതപരമായ പരിപാടികള്‍, രാഷ്ട്രീയ യോഗങ്ങള്‍ തുടങ്ങിയവ കഴിയുമെങ്കില്‍ ഒഴിവാക്കണം. മതപരമായ ചടങ്ങുകള്‍ പ്രത്യേക സാഹചര്യത്തില്‍ ഒഴിവാക്കുന്നതു സംബന്ധിച്ച് മതപണ്ഡിതന്മാരും, മതമേലധികാരികളുമായി ആലോചിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്താനിരിക്കുന്ന എല്ലാ പൊതുപരിപാടികളും യോഗങ്ങളും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഹിയറിംഗ് ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കും.

ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം രോഗബാധിതര്‍ മാത്രമാണ് മാസ്‌ക്ക് ഉപയോഗിക്കേണ്ടത്. ജില്ലാ ഭരണകൂടത്തിന്റെയും സര്‍ക്കാരില്‍ നിന്നും തരുന്ന വിവരങ്ങള്‍ ഒഴിച്ച്, തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ മുഖേന ഷെയര്‍ ചെയ്യരുത്. തെറ്റായ  വിവരങ്ങളും വാര്‍ത്തകളും ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

രോഗബാധിതരെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങള്‍ പങ്കുവയ്ക്കരുത്. അസുഖം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പൊതു ഇടങ്ങളിലെ സമ്പര്‍ക്കം ഒഴിവാക്കുക, പൊതു ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നതാണ്. അസുഖ ബാധിതരുമായി ഒരു മീറ്ററില്‍ കുറഞ്ഞ സാഹചര്യത്തില്‍ ഇടപഴകുമ്പോഴാണ് രോഗം പകരാന്‍ ഇടയാകുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കുക. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. ഈ രണ്ട് നിര്‍ദേശങ്ങള്‍ അടങ്ങിയ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട വീഡിയോകള്‍ സര്‍ക്കാരിന്റെ വിവിധ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജുകളിലും മറ്റ് സോഷ്യല്‍ മീഡിയകളിലും ലഭ്യമാണെന്നും കളക്ടര്‍ പറഞ്ഞു.