കൊറോണ രോഗപ്പകര്‍ച്ച തടയാന്‍ ജില്ലാ ഭരണകൂടം സുസ്സജ്ജം

post

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഭക്തജനങ്ങള്‍ കൂടുതലായി ഇടപഴകുന്ന സാഹചര്യമുള്ളതിനാല്‍ പകര്‍ച്ചവ്യാധിയായ കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പത്തനംതിട്ട ജില്ലയില്‍ അഞ്ചു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ക്കൂടിയാണ് അടിയന്തരയോഗം ചേര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

കൊറോണ വ്യാപകമായി ബാധിച്ച ചൈന, ഇറ്റലി, ജപ്പാന്‍, ദക്ഷിണകൊറിയ, ഇറാന്‍, ഹോങ്കോങ്, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, നേപ്പാള്‍, വിയറ്റ്‌നാം എന്നീ പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നും ഫെബ്രുവരി 20നു ശേഷം വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം പൊതുജനസമ്പര്‍ക്കമില്ലാതെ, വീട്ടിനുള്ളില്‍ ഒരു മുറിയില്‍ത്തന്നെ കഴിയേണ്ടതാണ്. രോഗമില്ലെന്ന് സ്ഥിരീകരിച്ചശേഷം ഇവര്‍ക്ക് മുഖ്യധാരയില്‍ തിരികെ എത്താനാകും. ചുമ, പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയിടുന്നതില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതാണ്. പൊങ്കാലയിടാന്‍ ആഗ്രഹിക്കുന്നപക്ഷം അവരവര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍, ഹോട്ടല്‍ തുടങ്ങിയവയുടെ പരിസരത്തുതന്നെ പൊങ്കാലയിടേണ്ടതാണ്.

ചുമ, പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ പൊതുജനാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്. പൊങ്കാലയിടുന്നവര്‍ മേല്‍പ്പറഞ്ഞ രോഗലക്ഷണമുള്ളവരെ കണ്ടാല്‍ കണ്ട്രോള്‍ റൂമിലോ, ജില്ലാ ഭരണകൂടത്തെയോ 0471 2459126, 1077 (ടോള്‍ഫ്രീ), ദിശ 1056 തുടങ്ങിയ നമ്പറുകളിലേതെങ്കിലും ഒന്നില്‍ വിവരം അറിയിക്കേണ്ടതാണ്. സോഷ്യല്‍ മീഡിയവഴി ഭീതിപരത്തുന്ന തരത്തില്‍ കൊറോണ രോഗത്തെ സംബന്ധിച്ച വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും വിശകലനങ്ങളും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കൊറോണ രോഗം സംബന്ധിച്ച സര്‍ക്കാര്‍ ഔദ്യോഗിക സന്ദേശങ്ങള്‍ മാത്രമേ പ്രചരിപ്പിക്കാന്‍ പാടുള്ളൂ.

അന്തരീക്ഷ താപനില വളരെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കഴിയുന്നതും തണല്‍ ഇടങ്ങളില്‍ പൊങ്കാലയിടാന്‍ ശ്രദ്ധിക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യപ്രകാശം ഒരുപോലെ അധികസമയം ഏല്‍ക്കുന്നത് ഒഴിവാക്കേണ്ടതാണ്. നിര്‍ജലീകരണം തടയുന്നതിന് ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. അസ്വസ്ഥത തോന്നുപക്ഷം അടുത്തുള്ള മെഡിക്കല്‍ സംഘത്തിന്റെ സേവനം തേടേണ്ടതാണ്. കൊറോണ രോഗപ്പകര്‍ച്ച തടയുന്നതിന്റെ മുന്‍കരുതലായി പൊങ്കാലയര്‍പ്പിക്കുന്നവരുടെ വീഡിയോ ചിത്രീകരിക്കാനുള്ള ടീമിനെ കോര്‍പ്പറേഷന്‍ സജ്ജീകരിക്കും. പൊങ്കാലയര്‍പ്പിച്ചതിനുശേഷം സമീപഭാവിയല്‍ ആര്‍ക്കെങ്കിലും കൊറോണരോഗം ബാധിച്ചാല്‍ രോഗം പകരാന്‍ സാധ്യതയുള്ള മറ്റുള്ളവരെക്കൂടി തിരിച്ചറിയുന്നതിനാണ് ഈ മുന്‍കരുതല്‍.

കോര്‍പ്പറേഷന്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, വോളന്റിയര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തെ പൊങ്കാല നടക്കുന്ന സ്ഥലങ്ങളിലുടനീളം ആരോഗ്യസേവനപ്രവര്‍ത്തനത്തിനായി ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ എന്നിവിടങ്ങളിലുള്ള വിദേശികളെ സംബന്ധിച്ച വിവരം ജില്ലാ പോലീസ് മേധാവിയെയും ജില്ലാ ഭരണകൂടത്തെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും അറിയിക്കേണ്ടതാണ്.

ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ കൊറോണ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ശുചിത്വത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലും അന്നദാനം നല്‍കുന്നിടത്തുമെല്ലാം ലിക്വിഡ് ഹാന്‍ഡ് വാഷ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. സോപ്പുകൊണ്ട് കൈ കഴുകുമ്പോള്‍ ഉണ്ടാകുന്ന സമ്പര്‍ക്കം ഒഴിവാക്കുന്നതിനാണിത്.

ഇതര സംസ്ഥാനത്തും ജില്ലകളില്‍ നിന്നും വന്‍തോതില്‍ ജനങ്ങള്‍ എത്തിച്ചേരുന്നതിനാല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണത്തിന്റെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്യും. മുന്‍കരുതലെന്ന നിലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ വരും ദിനങ്ങളില്‍ പരിശോധന നടത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.