ഡിജിറ്റല്‍ റീസര്‍വേയിലൂടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹാരിക്കാം: മന്ത്രി രാജന്‍

post

ആലപ്പുഴ: കാലതാമസം കൂടാതെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് ഡിജിറ്റല്‍ റീസര്‍വേയുടെ അത്യന്തികമായ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. പുന്നപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ റിസര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരമാകും. റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ വകുപ്പുകളുടെ വിവിധ പോര്‍ട്ടലുകളായ റിലീഫ്, പേള്‍, ഇ-മാപ് എന്നിവ സംയോജിപ്പിച്ചുള്ള എന്റെ ഭൂമി പോര്‍ട്ടല്‍ വഴിയാണിത് സാധ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 37 പേര്‍ക്കുള്ള പട്ടയ വിതരണവും പുന്നപ്ര തെക്ക് പഞ്ചായത്ത് പുറത്തിറക്കിയ പാഠ്യപദ്ധതി പരിഷ്‌ക്കരണ രൂപരേഖയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.


സംസ്ഥാനത്ത് ഇതുവരെ നാല് ജില്ലകളിലെ റവന്യൂ വകുപ്പ് സമ്പൂര്‍ണ ഡിജിറ്റലായി. 2023 ഡിസംബറിന് മുന്‍പായി 14 ജില്ലകളെയും സമ്പൂര്‍ണ ഡിജിറ്റലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 77 താലൂക്ക് ഓഫീസുകള്‍, 1,666 വില്ലേജ് ഓഫീസുകള്‍, മറ്റ് അനുബന്ധ ഓഫീസുകള്‍ എന്നിവയാണ് ഡിജിറ്റലാകുക. ഇതോടെ സംസ്ഥാനത്ത് സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടത്തിയ ആദ്യ വകുപ്പായി റവന്യൂ മാറും. പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതോടെ ഒരു വില്ലേജില്‍ ലഭിക്കുന്ന അപേക്ഷ കാലതാമസം കൂടാതെ ഉന്നത ഓഫീസുകളിലേക്ക് കൈമാറാനും. വളരെ വേഗത്തില്‍ പരിഹാരം കാണാനും സാധിക്കും. ഇത് വകുപ്പിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കും. - മന്ത്രി പറഞ്ഞു.