രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമായി ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രം

ആലുവ തുരുത്ത് സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രം രാജ്യത്തെ തന്നെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമായി മാറുന്നു. പത്ത് വര്‍ഷമായി തുടരുന്ന ജൈവ കൃഷി രീതിയും മണ്ണിലെ ശാസ്ത്രീയമായി ഇടപെടലും മാലിന്യ സംസ്കരണവും സംയോജിത കൃഷി രീതിയുമാണ് വിത്തുല്പാദന കേന്ദ്രത്തിലെ കാര്‍ബണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്.
പത്ത് വര്‍ഷമായി ജൈവ സാക്ഷ്യപത്രത്തോടെ പ്രവര്‍ത്തിക്കുന്ന ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിക്കുന്നതിനുള്ള കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് അസസ്മെന്റിന് ഓഗസ്റ്റ് മാസത്തിലാണ് തുടക്കം കുറിച്ചത്. ബേസ് ലൈന്‍ സര്‍വേ നടത്തി കാര്‍ബണ്‍ ബഹിര്‍ഗമനം, കാര്‍ബണ്‍ സംഭരണം എന്നിവയുടെ കണക്കെടുത്ത് വിലയിരുത്തിയാണ് ഫാം കാര്‍ബണ്‍ ന്യൂട്രലാണെന്ന് ഉറപ്പാക്കിയിരിക്കുന്നത്. പഠനത്തിന്റെ ഭാഗമായി 43 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനവും 213 ടണ്‍ കാര്‍ബണ്‍ സംഭരണവുമാണ് ഫാമില്‍ നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫാം കാര്‍ബണ്‍ ന്യൂട്രല്‍ മാത്രമല്ല കാര്‍ബണ്‍ നെഗറ്റീവ് കൂടിയാണ് എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്വിയോണ്മെന്റല് സയന്‍സ് ഡീന്‍ ഡോ. പി. ഒ നമീറിന്റെ നേതൃത്വത്തിലാണ് ഫാമിലെ കാര്‍ബണിന്റെ അളവിനെ കുറിച്ചുള്ള പഠനങ്ങള്‍ നടന്നത്. ഡിസംബര്‍ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ആലുവ ഫാമിനെ കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിക്കും.