കോവിഡ് 19: ജില്ലയില്‍ 256 പേര്‍ നിരീക്ഷണത്തില്‍

post

തൃശൂര്‍: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 256 പേര്‍. ഇതില്‍ 39 പേര്‍ ആശുപത്രികളിലും 217 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുളളത്. കോവിഡ് ബാധിതരായ പത്തനംതിട്ട സ്വദേശികള്‍ക്കൊപ്പം വിമാനയാത്ര നടത്തിയ നിന്നുളള 17 പേരെ തിരിച്ചറിഞ്ഞു. ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രണ്ടു പേര്‍ ആശുപത്രി ഐസലോഷന്‍ വാര്‍ഡിലും മറ്റുളളവര്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്. 4 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുതുതായി കണ്‍ട്രോള്‍ റൂം ആരംഭിക്കും. യാത്രക്കാരെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഹ്രസ്വചിത്രങ്ങളും പ്രചരണ സാമഗ്രികളും സ്റ്റേഷനില്‍ പ്രദര്‍ശിപ്പിക്കും. കോവിഡ് 19 ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവര്‍ നിര്‍ബന്ധമായും വീടുകളില്‍ കഴിയേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിമാനത്താവളങ്ങളില്‍ സ്ഥാപിച്ചിട്ടുളള ഹെല്‍പ് ഡസ്‌കില്‍ വിവരം അറിയിക്കാതെ ആരും നാട്ടിലേക്ക് മടങ്ങരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സ്വയം ചികിത്സയും ഒഴിവാക്കണം. ആഘോഷങ്ങളിലും ആള്‍ക്കൂട്ടങ്ങളിലും ഇത്തരക്കാര്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകും വിധം പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണം. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 04872320466, 9400408120, 9400410720, 1056,  04712552056 (ദിശ).