മത്സ്യതൊഴിലാളി കോളനികള്‍ നവീകരിക്കും:മന്ത്രി വി.അബ്ദുറഹ്മാന്‍

post

സംസ്ഥാനത്തെ എല്ലാ മത്സ്യതൊഴിലാളി കോളനികളും നവീകരിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് മത്സ്യബന്ധന-കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. പെരിനാട് പഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ആധുനിക സൗകര്യങ്ങളും മത്സ്യതൊഴിലാളികള്‍ക്ക് ലഭിക്കുന്ന വിധമാകും പദ്ധതി നടപ്പാക്കുക. മത്സ്യതൊഴിലാളി മേഖലയില്‍ നടപ്പാക്കുന്ന വികസനങ്ങള്‍ സമൂഹത്തിന് മുഴുവന്‍ പ്രയോജനപ്പെടുത്തും. ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ കേരളം ഒന്നാമതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പി.സി.വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്തിലെ സിറ്റിസണ്‍ ഭരണഘടന സാക്ഷരത പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു. മുന്‍ മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍, അംഗം ബി.ജയന്തി, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍, തീരദേശ വികസന കോര്‍പ്പറേഷന്‍ എം.ഡി പി.ഐ.ഷെയ്ക്ക് പരീത്, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു