മൊബൈല്‍ ടെസ്റ്റിംഗ് ലാബ് ഉള്‍പ്പെടെ സംവിധാനങ്ങള്‍; ജാഗ്രതയോടെ ഭക്ഷ്യസുരക്ഷാ വകുപ്പ്

post

മണ്ഡല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഗുണനിലവാര പരിശോധനയ്ക്ക് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി സദാ ജാഗരൂകരാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. 4 സ്‌പെഷ്യല്‍ സ്‌ക്വാഡുകളാണ്് ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പരിശോധനയ്ക്കായി രൂപീകരിച്ചിട്ടുള്ളത്്. സന്നിധാനം, പമ്പ, നിലക്കല്‍, ളാഹ, എരുമേലി എന്നീ സ്ഥലങ്ങളിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ്. നിലക്കല്‍, എരുമേലി ഭാഗങ്ങളില്‍ വനിതാ ഉദ്യാഗസ്ഥരാണ് പരിശോധനയ്ക്കുള്ളത്.

സന്നിധാനത്ത് ഒരു ഡെസിഗ്നേറ്റഡ് ഓഫീസറും ഒരു ഭക്ഷ്യ സുരക്ഷ ഓഫീസറും ഒരു ഓഫീസ് സ്റ്റാഫുമുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ പ്രാഥമിക ഗുണനിലവാരം മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബില്‍ പരിശോധിക്കും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമെങ്കില്‍ പത്തനംതിട്ട ഫുഡ് ടെസ്റ്റിംഗ് ലാബിലും തിരുവനന്തപുരം സര്‍ക്കാര്‍ അനലിറ്റിക് ലാബിലും സാമ്പിളുകള്‍ അയയ്ക്കും. അപ്പം, അരവണ എന്നിവയുടെ ഗുണനിലവാരം സന്നിധാനത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ഫുഡ് ടെസ്റ്റിംഗ് ലാബിലാണ് പരിശോധിക്കുന്നത്. പ്രസാദാവശ്യത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം പമ്പയില്‍ പ്രവര്‍ത്തിക്കുന്ന ലാബില്‍ പരിശോധിക്കും.

അപ്പം,അരവണ പ്ലാന്റുകള്‍, അന്നദാനമണ്ഡപം, ഓഫീസ് മെസ്, എന്നിവടങ്ങളിലെല്ലാം സ്‌ക്വാഡ് കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നു. എല്ലാ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാണ്. എഫ്.എസ്.എസ്.എ.ഐയുടെ നിര്‍ദ്ദേശം അനുസരിച്ചു ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഒരു സ്ഥാപനത്തില്‍ ഒരാള്‍ക്കെങ്കിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഭക്തജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാനുള്ള ടോള്‍ ഫ്രീ നമ്പര്‍ എല്ലാ സ്ഥാപങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘു ലേഖ എല്ലാ സ്ഥാപനങ്ങളിലും നല്‍കിയിട്ടുണ്ട്.


*മണ്ഡല മകരവിളക്ക്: ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി*

മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി. പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണറുടെ പരിധിയില്‍ വരുന്ന ഇവിടങ്ങളില്‍ ഇതുവരെ 272 പരിശോധനകളാണ് നടത്തിയത്. 187 സാമ്പിളുകള്‍ ശേഖരിച്ചു. ന്യൂനതകള്‍ കണ്ടെത്തിയ 10 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കി.

5 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കി. കോട്ടയം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ പരിധിയില്‍ വരുന്ന എരുമേലിയില്‍ 149 പരിശോധനകള്‍ നടത്തി. 25 സാമ്പിളുകള്‍ ശേഖരിച്ചു. ഇത് വരെ 33 മുന്നറിയിപ്പ് നോട്ടീസുകളും ഒരു പിഴയീടാക്കല്‍ നോട്ടീസും നല്‍കി. വരും ദിവസങ്ങളിലും തുടര്‍ പരിശോധനകള്‍ നടത്തുമെന്നും വരുന്ന പരാതികള്‍ അടിയന്തിര പ്രാധാന്യം നല്‍കി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.