വിഷരഹിത കൃഷിക്കൊരു ഇടം; നിവേദനവുമായി കുട്ടി കർഷകർ

post

കൃഷിദർശൻ പരിപാടിയുടെ ഭാഗമായി കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിലെ പട്ടറേത്ത് നാരായണൻ മാസ്റ്ററുടെ വീട്ടിൽ എത്തിയതായിരുന്നു കൃഷി മന്ത്രി പി പ്രസാദ്. എന്നാൽ അവിടെ മന്ത്രിയെയും കാത്ത് ഒരുകൂട്ടം കുട്ടി കർഷകർ ഉണ്ടായിരുന്നു. വിഷരഹിത കൃഷി ചെയ്യാൻ സ്ഥലം ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് തില്ലങ്കേരി പഞ്ചായത്തിലെ പടിക്കച്ചാൽ ഗവ.എൽ പി സ്‌കൂൾ വിദ്യാർഥികൾ എത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനവും നൽകി.

ഇന്റർലോക്ക് പാകിയ മുറ്റവും കെട്ടിടങ്ങളും ഉൾപ്പെടെ സ്‌കൂളിന് 16 അര സെന്റ് സ്ഥലമാണുളളത്. എന്നാൽ ഗ്രോ ബാഗുകളിൽ മണ്ണ് നിറച്ച് വർഷങ്ങളായി സ്‌കൂളിലെ ഉച്ച ഭക്ഷണത്തിന് വേണ്ട പച്ചക്കറികൾ ഇവർ സ്വന്തമായി കൃഷി ചെയ്യുന്നുണ്ട്. കൂടുതൽ സ്ഥലം ലഭിച്ചാൽ വിഷരഹിത പച്ചക്കറി കൃഷി വ്യാപിക്കാൻ കഴിയുമെന്ന് വിദ്യാർഥികൾ മന്ത്രിയോട് പറഞ്ഞു. ഇതിനായി സ്‌കൂളിനടുത്ത് സ്ഥലം ലഭ്യമാക്കണമെന്ന ആവിശ്യമാണ് നിവേദനത്തിലൂടെ അറിയിച്ചത്. പൂർണ പിന്തുണയുമായി പ്രധാനാധ്യാപിക കെ ആശ, അധ്യാപകൻ മഹേഷ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.