വന്യജീവി ആക്രമണം: കർഷകർക്ക് സൗരോർജ വേലിക്ക് സഹായം നൽകും

post

കണ്ണൂർ: വന്യജീവി ആക്രമണത്തിനിരയാകുന്ന കർഷകർക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ആർ കെ വി വൈ പദ്ധതിയിൽ ഉൾപ്പെടുത്തി സൗരോർജ വേലി പദ്ധതി നടപ്പാക്കാൻ കൃഷിവകുപ്പ് സഹായം നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി ദർശൻ പരിപാടിയുടെ ഭാഗമായി പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന കർഷക അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പ് നേരിട്ടുള്ള ധനസഹായമല്ല നൽകുക. നിലവിൽ വന്യജീവി ആക്രമണത്തിനിരയായവർക്ക് വനം വകുപ്പ് ധനസഹായം നൽകുന്നുണ്ട്.

കാട്ടുപന്നി ശല്യം നിയന്ത്രിക്കാനായി തൊഴിലുറപ്പിന്റെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി ജൈവവേലി നിർമ്മിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും. പന്നി ശല്യം രൂക്ഷമായ ഇടങ്ങളിൽ പന്നികളെ വെടിവച്ച് കൊല്ലാനുള്ള നടപടികൾ സ്വീകരിക്കാൻ കൃഷി ഓഫീസർമാർക്ക് നിർദേശം നൽകി. വന്യമൃഗശല്യം ഇല്ലാതാക്കാൻ തലശ്ശേരി ബ്ലോക്കിന് മാത്രമായി 6.875 ലക്ഷം രൂപയുടെ ധനസഹായ പാക്കേജും മന്ത്രി പ്രഖ്യാപിച്ചു.

ഒരുലക്ഷം തൊഴിൽദാന പദ്ധതി പ്രകാരം തലശ്ശേരി ബ്ലോക്കിൽ കുടിശ്ശിക ഉണ്ടായിരുന്ന 72 പേരുടെ പെൻഷൻ തുകയും ഗ്രാറ്റ്വിവിറ്റിയും അദാലത്തിൽ അനുവദിച്ചു. ആഫ്രിക്കൻ ഒച്ചിന്റെ ശല്യമുള്ള കൃഷിയിടങ്ങളിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ സഹായത്തോടെ ബോധവത്കരണത്തിനും നിയന്ത്രണ മാർഗങ്ങൾക്കുമായി പ്രത്യേക പദ്ധതി നടപ്പിലാക്കും

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി കാരണം കൃഷിയിലേക്ക് മണ്ണൊലിച്ചൽ ബണ്ട് തകർച്ച മുതലായവ ഉണ്ടായ സ്ഥലങ്ങളിൽ കൃഷിവകുപ്പ് കാർഷിക എൻജിനീയറിങ് വിഭാഗം ഗെയിൽഉദ്യോഗസ്ഥർ എന്നിവർ സംയുക്ത സന്ദർശനം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ പ്രശ്‌ന പരിഹാരം തേടാനും മന്ത്രി നിർദേശം നൽകി.

പച്ചത്തേങ്ങ സംഭരണവില 32 രൂപയിൽ നിന്ന് വർധിപ്പിക്കാനുള്ള നടപടികൾ പരിഗണനയിലാണ്. ജില്ലയിൽ നിലവിലുള്ള 12 പച്ചത്തേങ്ങ സംഭരണകേന്ദ്രങ്ങൾക്ക് പുറമെ രണ്ട് സംഭരണ കേന്ദ്രങ്ങൾ കൂടി ഏർപ്പെടുത്തുന്നത് പരിഗണിക്കും. തേങ്ങയിടാൻ കാർഷിക കർമ്മ സേനയുടെ പ്രവർത്തനം വിപുലപ്പെടുത്തും. വിമാനത്താവളങ്ങളും ബസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് കാർഷിക മൂല്യ വർധിത ഉത്പന്നങ്ങളുടെ വിപണത്തിനായി കിയോസ്‌ക്കുകൾ സ്ഥാപിക്കും.

ഓൺലൈനായി ലഭിച്ച 36 പരാതികളും നേരിട്ട് ലഭിച്ച 16 പരാതികളുമുൾപ്പെടെ 42 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. നേരിട്ട് പരാതി സ്വീകരിക്കുകയും ചെയ്തു. 29 പരാതികൾ പരിഹരിച്ചു.