രജിസ്‌ട്രേഷന്‍ സേവനങ്ങൾ അതിവേഗത്തിൽ ജനങ്ങളിലെത്തിക്കും

post

കോഴിക്കോട്: വിവരസാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി രജിസ്‌ട്രേഷന്‍ സംബന്ധിച്ച എല്ലാ സേവനങ്ങളും അതിവേഗത്തില്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടപ്പാക്കുന്നതെന്ന് സഹകരണ രജിസ്‌ട്രേഷൻ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ. ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇടപാടുകാര്‍ക്ക് അനുകൂലവും ആശ്വാസകരവുമായ പശ്ചാത്തല സൗകര്യമൊരുക്കുകയാണ് രജിസ്‌ട്രേഷന്‍ വകുപ്പ്. മുന്‍ ആധാരങ്ങള്‍ നഷ്ടപ്പെടാതെ ഏതു നിമിഷവും ലഭ്യമാവുന്ന രീതിയില്‍ ഡിജിറ്റലൈസ് ചെയ്യുന്നത് തുടരുകയാണ്. പുതിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പൊതുജനങ്ങൾക്ക് സുതാര്യവും കുറ്റമറ്റതും മികവുറ്റതുമായ സേവനങ്ങൾ ഉറപ്പാക്കി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ഖജനാവിലേക്ക് വരുമാനമുണ്ടാക്കുന്നതില്‍ വലിയ സ്ഥാനമുള്ള വകുപ്പാണ് രജിസ്‌ട്രേഷന്‍ വകുപ്പ്. കഴിഞ്ഞ വര്‍ഷം 4200 കോടി രൂപയാണ് നേടിയത് മുന്‍ വര്‍ഷത്തേക്കാള്‍ 1200 കോടി രൂപയുടെ അധിക വര്‍ദ്ധനവാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

കേരള സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 1.05 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ചാത്തമംഗലം വില്ലേജില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കൈവശമുള്ള 44 സെന്റ് സ്ഥലത്ത് 416.63 സ്‌ക്വയര്‍ മീറ്റര്‍ അളവിൽ ആധുനിക സൗകര്യങ്ങളോടു കൂടിയുള്ളതാണ് പുതിയ കെട്ടിടം. ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.സി.സി റീജിയണൽ മാനേജർ നീനാ സൂസൻ പുന്നൻ റിപ്പോർട്ട് അവതരിപ്പിച്ചു.