എടക്കാട്ടുവയല്‍ ഗ്രാമ പഞ്ചായത്തിലെ ഓരോ വീട്ടിലും ഇനി ക്യൂ ആര്‍ കോഡ്

post

ഹരിത മിത്രം-സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഇനി എടക്കാട്ടുവയലിലും. പഞ്ചായത്തിലെ അജൈവ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിനും കൃത്യമായ മേല്‍നോട്ടത്തിനും ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സാധിക്കും.


പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ 5800 ക്യൂ ആര്‍ കോഡുകളാണ് വീടുകളിലും സ്ഥാപനങ്ങളിലുമായി പതിപ്പിച്ചത്. ഭരണസമിതിയുടെ നേതൃത്വത്തില്‍ കെല്‍ട്രോണിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഹരിത കര്‍മസേനയിലെ 24 അംഗങ്ങള്‍ ചേര്‍ന്നാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ക്യൂ ആര്‍ കോഡ് പതിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയായതോടെ പഞ്ചായത്തിലെ 14 വാര്‍ഡുകളും മാലിന്യ ശേഖരണത്തില്‍ സ്മാര്‍ട്ട് ആകുകയാണ്.


ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍ എന്നിവ സംയുക്തമായി കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ നടപ്പാക്കുന്നത്. പഞ്ചായത്ത് പരിധിയിലെ വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി മാലിന്യം രൂപപ്പെടുന്ന സ്ഥലങ്ങളുടെയും നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.