മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍; അരുവിക്കരയില്‍ തുടക്കമായി

post

ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം ജില്ലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പൊതുകുളങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് അരുവിക്കരയില്‍ തുടക്കമായി. അരുവിക്കര പഞ്ചായത്തിലെ അരുമാംകോട്ടുകോണം ചിറയില്‍ നടന്ന പരിപാടി ജി. സ്റ്റീഫന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക, ഉള്‍നാടന്‍ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുക, സമീകൃതാഹാരം ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഫിഷറീസ് വകുപ്പ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.


50 സെന്റ് വിസ്തൃതിയുള്ള അരുമാംകോട്ടുകോണം ചിറയില്‍ ആയിരം കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. നെയ്യാര്‍ ഡാം മത്സ്യ ഹാച്ചറിയില്‍ നിന്നുമാണ് മത്സ്യങ്ങളെ എത്തിച്ചത്. കാച്ചാണി നന്മ പുരുഷ സ്വയംസഹായ സംഘമാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ വിളവെടുപ്പ് നടത്തും.നിലവില്‍ പഞ്ചായത്തില്‍ 12 പൊതുകുളങ്ങളില്‍ മത്സ്യകൃഷി നടത്തുന്നതിനായി അപേക്ഷ ലഭിച്ചിട്ടുണ്ട്. വകുപ്പിന്റെ നെടുമങ്ങാട് ക്ലസ്റ്ററിനു കീഴിലുള്ള തൊളിക്കോട്, പൂവച്ചല്‍, വിതുര, ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍, വെള്ളനാട്, ആര്യനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലും വരും ദിവസങ്ങളില്‍ മത്സ്യകൃഷി ആരംഭിക്കും.


ഒരു സെന്റിന് 20 മത്സ്യകുഞ്ഞുങ്ങളെയാണ് വകുപ്പ് നല്‍കുന്നത്. കൂടാതെ മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഇനത്തില്‍ 70 ശതമാനം സബ്‌സിഡിയും നല്‍കും. സ്വയം സഹായ സംഘങ്ങള്‍, യുവജന ക്ലബ്ബുകള്‍, സാംസ്‌കാരിക നിലയങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് മത്സ്യ പരിപാലനം നടത്തുക. വരാല്‍ പോലുള്ള തദ്ദേശീയ മത്സ്യങ്ങളെയും പദ്ധതിയുടെ ഭാഗമായി കൃഷിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.