ശ്രീകണ്ഠാപുരം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

post

കണ്ണൂർ: അതിവേഗം മാറുന്ന കാലാവസ്ഥയെ നിരീക്ഷിച്ച് അടുത്തറിയാൻ ഒരുങ്ങി ശ്രീകണ്ഠാപുരം ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾ. ഇതിനായി ഇവരെ സഹായിക്കുന്നത് സ്‌കൂളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ്. പൊതുവിദ്യഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ശ്രീകണ്ഠപുരം സ്‌കൂളിലും നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.

കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങളുണ്ടാവാനുള്ള സാധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും ഇതിലൂടെ കഴിയും. പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവിനപ്പുറം അന്തരീക്ഷ സ്ഥിതി നേരിട്ട് നിരീക്ഷിച്ച് പഠിക്കുന്നതിന്റെ ഗുണം കുട്ടികൾക്ക് ലഭിക്കും.

മഴയുടെ തോത് അളക്കാൻ മഴ മാപിനി, കാറ്റിന്റെ തീവ്രത അളക്കാൻ കപ്പ് കൗണ്ടറും അനിമോ മീറ്ററും, കാറ്റിന്റെ ദിശ മനസ്സിലാക്കാൻ വിൻഡ് വെയിൻ, അന്തരീക്ഷത്തിലെ ആർദ്രത അളക്കാൻ വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, രണ്ടു സമയങ്ങൾക്ക് ഇടയിലുള്ള കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്താൻ മാക്‌സിമം മിനിമം തെർമോമീറ്റർ, സ്റ്റീവൻ സൺസ്‌ക്രീൻ തുടങ്ങി അന്തരീക്ഷ നിരീക്ഷണത്തിനായി ഇന്ത്യൻ മീറ്റിയറോളജിക്കൽ വകുപ്പ് ഉപയോഗിക്കുന്ന തരത്തിലുള്ള നിരവധി ഉപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

സ്‌കൂൾ കോമ്പൗണ്ടിനോട് ചേർന്ന് 73,000 രൂപ ചെലവിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർമിച്ചത്. ചുമതലയുള്ള അധ്യാപകന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും വിദ്യാർഥികൾ വിവരശേഖരണം നടത്തി പുസ്തകത്തിൽ രേഖപ്പെടുത്തും. അധ്യാപകർ പരിശീലനം നൽകും. കാലാവസ്ഥാ വ്യതിയാനം, ഉരുൾപൊട്ടൽ, പ്രളയ സാധ്യത എന്നിവയുടെ തുടർ പഠനവും കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. ഭൂമിശാസ്ത്രം വിഷയമായുള്ള ഹയർ സെക്കണ്ടറി സ്‌കൂളുകളിലാണ് സർക്കാർ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അനുവദിക്കുന്നത്.