ജില്ലയിൽ കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പ് പുരോ​ഗമിക്കുന്നു

post

ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പ് ഊര്‍ജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു.അബ്ദുള്‍ അസീസ് അറിയിച്ചു. നവംബര്‍ 15ന് തുടങ്ങിയ 21 ദിവസം നീണ്ടു നില്‍ക്കുന്ന കുത്തിവെപ്പ് പരിപാടി ഡിസംബര്‍ എട്ടിന് അവസാനിക്കും. ജില്ലയിലെ പശു, എരുമ ഇനത്തിലെ 102112 കന്നുകാലികള്‍ക്കാണ് കുത്തിവെപ്പെടുക്കാനുള്ളത്. പഞ്ചായത്തുകളിലും നഗരസഭകളിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചും കര്‍ഷകഭവനങ്ങള്‍ സന്ദര്‍ശിച്ചുമാണ് കുത്തിവെപ്പ് നടത്തുന്നത്.

166 സ്‌ക്വാഡുകളിലായി ജില്ലയിലെ മുഴുവന്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരും കുത്തിവെപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ജില്ലയില്‍ ഇതുവരെ 55 ശതമാനം കുത്തിവെപ്പ് നടന്നതായി മൃഗരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഡിനേറ്റര്‍ ഡോ.ജോയ് ജോര്‍ജ് അറിയിച്ചു. കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം വരുത്തുന്ന കുളമ്പുരോഗത്തെ ഇല്ലായ്മ ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ക്ഷീരകര്‍ഷകരുടെ വീട് സന്ദര്‍ശിച്ച്, തികച്ചും സൗജന്യമായും നടത്തുന്ന കുത്തിവെപ്പ് എല്ലാ കര്‍ഷകരും പ്രയോജനപ്പെടുത്തണമെന്ന് ഡോ.ജോയ് ജോര്‍ജ് അഭ്യര്‍ഥിച്ചു.