അവകാശം അതിവേഗം പദ്ധതിക്ക് മറ്റത്തൂരിൽ തുടക്കം

post

പഞ്ചായത്തിൽ 63 അതിദരിദ്രർ

സംസ്ഥാന സർക്കാരിൻ്റെ 'അവകാശം അതിവേഗം’ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിക്ക് മറ്റത്തൂർ പഞ്ചായത്തിൽ തുടക്കം. അതിദരിദ്രരായവരിൽ അവകാശരേഖകൾ ഇല്ലാത്തവർക്ക് ലഭ്യമാക്കുന്നതിന്റെയും അവശ്യ സേവനങ്ങൾ വിതരണം ചെയ്യുന്നതിന്റെയും ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംആർ രഞ്ജിത് നിർവഹിച്ചു.

പദ്ധതി പ്രകാരം പഞ്ചായത്തിൽ നടന്ന സർവ്വേയുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ 63 അതിദരിദ്രരെയാണ് കണ്ടെത്തിയത്. ഇവരിൽ വിവിധ രേഖകൾ ഇല്ലാത്ത 19 ഗുണഭോക്താക്കളാണുളളത്. ഇതിൽ 12 പേർക്ക് അവകാശ രേഖകൾ വിതരണം ചെയ്തു. എത്തിപ്പെടാൻ സാധിക്കാത്തവർക്കായി വാതിൽപടി സേവനത്തിലൂടെ രേഖകളും സേവനങ്ങളും ലഭ്യമാക്കും.

ആദ്യഘട്ടത്തിൽ അടിസ്ഥാന അവകാശ രേഖകളായ റേഷൻ കാർഡ്, ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ, ഭിന്നശേഷിക്കാർക്കുളള തിരിച്ചറിയൽ കാർഡ് തുടങ്ങിയവ നൽകും. പോഷകാഹാര കിറ്റ്, വീട് അറ്റകുറ്റപണി, വിവിധ പെൻഷനുകളും ആനുകൂല്യങ്ങളും ലഭ്യമാക്കൽ, അവശ്യമരുന്നുകളുടെ വിതരണം തുടങ്ങിയ സഹായങ്ങളാണ് പദ്ധതിയിലൂടെ സാധ്യമാക്കുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട 10 ഗുണഭോക്താക്കൾക്ക് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വീട് നൽകും. ബ്ലോക്ക്- പഞ്ചായത്ത് വിഹിതമായ അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്.