അവര്‍ കത്തുകള്‍ തുന്നുകയാണ്... ഒറ്റപ്പെട്ട് പോയവര്‍ക്കായി

post

കോഴിക്കോട്: വെസ്റ്റ് ഹില്‍ പോളിടെക്‌നിക് സി.ഡി.റ്റി.പി പ്രൊജക്ടിലെ വിദ്യാര്‍ത്ഥിനികള്‍ കത്തുകള്‍ തയ്യാറാക്കി മാതൃക തീര്‍ക്കുകയാണ്. എച്ച്.ഐ. വി ബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ ഹാന്റ് എംബ്രോയ്ഡറി രൂപത്തില്‍ കത്ത് തുന്നി എഴുതുന്നത്.

സംസ്ഥാനത്തെ വിവിധ ഗവ.പോളിടെക്നിക്കുകള്‍ വഴി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന സി.ഡി.റ്റി.പി പ്രൊജക്ട് എന്ന ചുരുക്കപ്പേരില്‍ അറിയിപ്പെടുന്ന കമ്മ്യൂണിറ്റി ഡവലപ്മെന്റ് ത്രൂ പോളിടെക്നിക്കിലെ, ജില്ലയിലെ എട്ട് എക്സ്റ്റന്‍ഷന്‍ സെന്റുകളിലെ ഫാഷന്‍ ഡിസൈനിംങ് കോഴ്സ് വിദ്യാര്‍ത്ഥിനികളാണ് കത്തുകള്‍ തയ്യാറാക്കുന്നത്.

സാമൂഹികമായും സാമ്പത്തികമായും ഒരു വ്യക്തി തീര്‍ത്തും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയില്‍ കൂടെ നില്‍ക്കുക എന്നതാണ് അടിസ്ഥാനപരമായി ഓരോ മനുഷ്യര്‍ക്കും ചെയ്യാന്‍ സാധിക്കുന്നതെന്ന് പറയുകയാണിവര്‍. ഇനിയുള്ള കാലത്തെ വിദ്യാഭ്യാസം അങ്ങനെ കൂടിയായി മാറണമെന്നാണ് ഇവരുടെ ആഗ്രഹം.

എല്ലാവരേയും സമമായി കാണുക എന്ന പ്രമേയത്തെ ഉള്‍ക്കൊണ്ടാണ് ചികിത്സയിലുള്ള ഓരോ വ്യക്തികള്‍ക്കും അവര്‍ കത്തുകള്‍ ഹാന്റ് എംബ്രോയ്ഡറി രൂപത്തില്‍ തുന്നി എഴുതുന്നത്. വേള്‍ഡ് എയ്ഡ്സ് ദിനമായ ഡിസംബര്‍ ഒന്നിന് രോഗബാധിതരുടെ കൈകളിലേക്ക് കത്തുകള്‍ എത്തുന്നതിനും അവര്‍ക്ക് ശാരീരിക- മാനസീക പിന്തുണ അറിയിക്കുന്നതിനുമാണ് കത്തുകള്‍ തയ്യാറാക്കുന്നത് വഴി ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥിനികള്‍ തുന്നിഎഴുതിയ കത്തുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഏറ്റുവാങ്ങി.