കോവിഡ് മലയാളി പ്രവാസികളിലുണ്ടാക്കിയ ആഘാതം പഠിക്കാൻ സർവ്വേ

post

കോവിഡ് മഹാമാരികാലത്തു മലയാളി പ്രവാസികൾ നേരിട്ട വെല്ലുവിളികളെക്കുറിച്ചു സർവേ നടത്തുന്നു. കോവിഡുണ്ടാക്കിയ സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങളെക്കുറിച്ചു പഠിക്കുകയാണ് സർവേയുടെ ലക്ഷ്യം. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് സർവേ നടത്തുന്നത്.

കോവിഡ് കാലത്തു പ്രവാസികൾ നേരിട്ട വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ എത്ര ഗുണം കണ്ടുവെന്ന് വിലയിരുത്തുക, കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ട്ടപ്പെട്ടു നാട്ടിൽ തിരികെയെത്തിയ പ്രവാസികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെക്കുറിച്ച് മനസിലാക്കുക, മടങ്ങിപ്പോകാത്തവർക്കു സംസ്ഥാനത്തു തൊഴിൽ അവസരങ്ങൾ ഒരുക്കുക, പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നതിന് സഹായകമാകുന്ന സ്ഥിതിവിവരക്കണക്കുകൾ രൂപപ്പെടുത്തുക പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത, വിദേശത്തു ചെയ്തിരുന്ന ജോലി, സാമൂഹിക പശ്ചാത്തലം എന്നിവ മനസിലാക്കുക, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലകളിൽ പ്രവാസികൾ ആരംഭിച്ചിട്ടുള്ള സംരംഭകത്വ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കുക, പ്രവാസികൾ അഭിമുഖീകരിക്കുന്ന മറ്റു പ്രശ്‌നങ്ങളെക്കുറിച്ച് മനസിലാക്കുക പ്രവാസികളുടെ അഭിരുചികൾ മനസിലാക്കുക എന്നിവയാണ് സർവ്വേയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിന് പുറമെ നിലവിൽ വിദേശത്തും അന്യസംസ്ഥാനങ്ങളിലും തൊഴിലിനായും വിദ്യാഭ്യാസത്തിനായും പോയിട്ടുള്ളവരുടെ കണക്കുകളും ഇതിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്.

സാമ്പിൾ സർവ്വേ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 800 യൂണിറ്റുകളിൽ ഡിസംബർ ഒന്ന് മുതൽ 2023 ഫെബ്രുവരി 15 വരെ നടക്കും. അതാത് ജില്ലകളിലെ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാരുടെ കീഴിൽ വകുപ്പിലെ ഫീൽഡ് തല ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുക.