യാത്ര പോകാം; ഗവിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ മറ്റൊരു സമ്മാനം

post

ജംഗിള്‍ സഫാരിക്കും ചതുരംഗപ്പാറയ്ക്കും മലക്കപ്പാറയ്ക്കും പിന്നാലെ യാത്രാ പ്രേമികള്‍ക്ക് കോതമംഗലം കെ.എസ്.ആര്‍.ടിസിയുടെ മറ്റൊരു സമ്മാനംകൂടി. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ ഗവിയിലേക്ക് കോതമംഗലത്ത് നിന്ന് പുതിയ പാക്കേജ് ആരംഭിക്കുകയാണ്. ഞായറാഴ്ച  ആദ്യ ഗവി ട്രിപ്പിന് തുടക്കമാകും.


ഒരാള്‍ക്ക് 2000 രൂപയാണ് നിരക്ക്. ഉച്ചഭക്ഷണവും ബോട്ടിംഗും ഉള്‍പ്പെടുന്നതാണ് പാക്കേജ്. പുലര്‍ച്ചെ 4 ന് കോതമംഗലം ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട് രാത്രി തിരികെ എത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.


പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ വിനോദസഞ്ചാരകേന്ദ്രമാണ് ഗവി. കാനനഭംഗിയുടെ ഒരു വേറിട്ട അനുഭവമാണ് ഓരോ സഞ്ചാരിക്കും ഗവി സമ്മാനിക്കുക.


കാടിനെ തൊട്ടറിഞ്ഞും അനുഭവിച്ചുമുള്ള എഴുപതിലധികം കിലോമീറ്റര്‍ വരുന്ന യാത്രയാണ് പ്രധാന ആകര്‍ഷണം. പച്ച പുതച്ച മലനിരകളും, കളകളാരവം മുഴക്കുന്ന അരുവികളും, മനുഷ്യന്റെ കരവിരുതില്‍ പിറന്ന ഡാമുകളും, വന്യമൃഗങ്ങളും.. അങ്ങനെയങ്ങനെ നിരവധി കാഴ്ചകളാണ് ഈ പാതയില്‍ കാത്തിരിക്കുന്നത്.


പത്തനംതിട്ടയില്‍ നിന്നും മൈലപ്ര, മണ്ണാറകുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ചിറ്റാര്‍, സീതത്തോട്, ആങ്ങാമൂഴി, മൂഴിയാര, കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത്. പത്തനംതിട്ട ജില്ലയിലാണ് ഗവി സ്ഥിതിചെയ്യുന്നതെങ്കിലും ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരമാണ് ഗവിയിലേക്കുള്ളത്.


ഗവി യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ബുക്കിങ്ങിനുള്ള നമ്പര്‍ 94479 84511, 94465 25773.