ബേൺസ് ഐസിയു; പൊള്ളലേൽക്കുന്നവർക്ക് നൂതന ചികിത്സാ സംവിധാനം

post


പൊള്ളലേറ്റവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുന്ന ബേൺസ് ഐസിയുവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്. 8 ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ, മൾട്ടിപാര മോണിറ്റർ, അണുബാധ കുറയ്ക്കുന്നതിനുള്ള ഹെപാ ഫിൽട്ടർ തുടങ്ങിയ ആധുനിക സംവിധാനങ്ങളോടെയാണ് ബേൺസ് ഐസിയു സജ്ജമാക്കിയത്.


3.46 കോടി രൂപയോളം ചെലഴിച്ചാണ് പഴയ സർജിക്കൽ ഐസിയുവിന്റെ സ്ഥലത്ത് സർജറി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളുടെ നേതൃത്വത്തിൽ നൂതന സംവിധാനങ്ങളോടെയുള്ള ബേൺസ് ഐസിയു സ്ഥാപിച്ചത്. ബേൺസ് ഐസിയുവിൽ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധ ഏൽക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. 15 ശതമാനം മുതൽ പൊള്ളലേറ്റ രോഗികൾക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ഐസിയുവിലൂടെ നൽകുന്നത്.


ബേൺസ് ഐസിയുവിനോടനുബന്ധിച്ച് കേരളത്തിലെ ആദ്യ സ്‌കിൻ ബാങ്കും സജ്ജമാക്കി വരുന്നു. മരിച്ച ആളിൽ നിന്ന് ത്വക്ക് ശേഖരിച്ചുവയ്ക്കുകയും ഗുരുതര പൊള്ളലേറ്റവർക്ക് നൂതന സാങ്കേതിക വിദ്യയോടെ വച്ചുപിടിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കിൻ ബാങ്ക് പ്രവർത്തന സജ്ജമാക്കി വരുന്നത്.