കലോത്സവങ്ങൾ മലയാളിയുടെ പൊതുജീവിതത്തിന്റെ ഭാഗമായിത്തീർന്നു: മന്ത്രി അഹമ്മദ് ദേവർ കോവിൽ

post

കാസർകോട്: കലോത്സവങ്ങൾ മലയാളിയുടെ പൊതുജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുകയാണെന്ന് പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവർ കോവിൽ പറഞ്ഞു.കാസർകോട് ജില്ലാ സ്കൂൾ കലോത്സവം സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . കലയും സാഹിത്യവും മാനവികമൂല്യങ്ങളെയും , കാഴ്ചപ്പാടുകളെയും രൂപീകരിക്കാൻ സഹായിക്കും. വിഭിന്ന കലാരൂപങ്ങൾ നമ്മുടെ മഹത്തായ കലാപാരമ്പര്യത്തെയാണ് വിളിച്ചോതുന്നത്.

പ്രാദേശികമായും ജാതീയമായും മതാത്മകമായും വർഗീയമായും മറ്റും വേർതിരിക്കപ്പെട്ട ഒരു സമൂഹം, കലാവിഷ്കരണത്തിലൂടെ ഏകീകരിക്കപ്പെട്ടതിന്റെ ചരിത്രമാണ് സാംസ്കാരിക കേരളത്തിനുള്ളത്.

പുതിയ പുതിയ പാഠ്യപദ്ധതിയിൽ , കലാപഠനത്തിനു സവിശേഷമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. ഓരോ കുട്ടിയുടെയും നൈസർഗിക വാസനകളെ പരിപോഷിപ്പിക്കാനും , അവയുടെ അവതരണത്തിനുവേണ്ടി വേദിയൊരുക്കാനും പാഠ്യപദ്ധതി നിർദ്ദേശിക്കുന്നു.

നമ്മുടെ പൊതുവിദ്യാലയങ്ങൾ അടുത്തകാലത്തായി നേടിയെടുത്തിട്ടുള്ള പുതിയ ഉണർവിന്റെ പ്രധാനഘടകങ്ങളിലൊന്ന് കുട്ടികളുടെ കലാവാസനകൾക്കും പ്രാമുഖ്യം കൊടുത്തത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.