പൈതൃകം മുഴങ്ങുന്ന നാട്ടുവാദ്യങ്ങള്‍; ശ്രദ്ധേയമായി പ്രദര്‍ശനം

post

വയനാട്: പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി പഴശ്ശികുടീരം മ്യൂസിയം ഗ്യാലറിയില്‍ നടക്കുന്ന നാട്ടുവാദ്യോപകരണങ്ങളുടെ പ്രദര്‍ശനം ശ്രദ്ധ നേടുന്നു. ആഫ്രിക്കന്‍ ഗോത്ര ജനതയുടെ സുഷിര വാദ്യമായ ഹോണ്‍ പൈപ്പ്, പൊള്ളയായ മരക്കുറ്റിക്ക് മുകളില്‍ ആട്ടിന്‍ തോല്‍ കെട്ടി നിര്‍മ്മിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കയിലെ താളവാദ്യമായ ജാംബെ, ആഫ്രിക്കന്‍ ഗോത്രജനതയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്ന ആഫ്രിക്കന്‍ ചെണ്ട, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ തന്ത്രിവാദ്യമായ പ്ലുരിയാര്‍ക്ക്, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നാടോടി സംഗീതത്തിന് ഉപയോഗിക്കുന്ന കുഴല്‍വാദ്യമായ സുര്‍ണ, ആഫ്രിക്കന്‍ സംഗീതത്തില്‍ സര്‍വ്വസാധാരണമായ വിവിധതരം കിലുക്കികള്‍, മലേഷ്യയിലെ ബോര്‍ണിയോയിലെ നാട്ടു സംഗീതോപകരണമായ സോമ്പോട്ടന്‍ എന്നിങ്ങനെയുള്ള വാദ്യോപകരണങ്ങളാണ് പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണം.

നേപ്പാളിലെ നാടോടി സംഗീതോപകരണമായ നേപ്പാളി സാരംഗി, തെലുങ്ക് കഥാഖ്യാനങ്ങളുടെ അകമ്പടി വാദ്യമായ ജമിഡിക, വയനാട്ടിലെ അടിയരുടെയും പണിയരുടെയും വാദ്യമായ തുടി, അട്ടപ്പാടിയിലെ ഇരുളര്‍ ഉപയോഗിക്കുന്ന താളവാദ്യമായ പൊറെയ്, ദവില്‍, കേരളത്തിലെ അനുഷ്ഠാന കലയായ പടയണിക്ക് ഉപയോഗിക്കുന്ന താളവാദ്യമായ തപ്പ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സംഗീത ഉപകരണങ്ങളുടെ ശേഖരവും പ്രദര്‍ശനത്തിലുണ്ട്.

ഇന്ത്യക്കും പുറത്തുമുള്ള രാജ്യങ്ങളിലെ പൈതൃകം വിളിച്ചോതുന്ന വാദ്യോപകരണങ്ങളുടെ പ്രദര്‍ശനം ഡിസംബര്‍ 11 വരെ പഴശ്ശികുടീരം മ്യൂസിയത്തില്‍ തുടരും. നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പ്രദര്‍ശനം കാണാന്‍ പഴശ്ശി കുടീരത്തില്‍ ദിവസേന എത്തുന്നുണ്ട്. രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെയാണ് പ്രവേശനം.