എല്ലാ വിദ്യാലയങ്ങളിലും മികച്ച ഭൗതിക സഹചര്യം ഉറപ്പാക്കും

post

പട്ടിക്കാട് ഗവ.സ്കൂളിന്റെ വികസന പ്രവർത്തനത്തിന് 9 കോടി

തൃശ്ശൂർ: വിദ്യാലയങ്ങളുടെ അക്കാദമിക് - അക്കാദമികേതര വികസനത്തിന് ആവശ്യമായ എല്ലാ ഭൗതിക സഹചര്യങ്ങളും ഒരുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പട്ടിക്കാട് ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയം നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അധ്യാപകർ വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് വിദ്യാലത്തെ നൂറ് ശതമാനം വിജയത്തിലെത്തിക്കുമ്പോൾ വിദ്യാർത്ഥികളുടെ അക്കാദമികവും കായികവുമായ വികസനത്തിന് ആവശ്യമായ എല്ലാ ഭൗതിക സഹചര്യങ്ങും സർക്കാർ ഒരുക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

പട്ടിക്കാട് ഗവ. സ്കൂളിന്റെ വികസന പ്രവർത്തനത്തിന് ഒമ്പത് കോടി രൂപയാണ് അനുവദിച്ചത്. പട്ടിക്കാട് ഗവ ഹയർ സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് കിഫ്ബിയിൽ നിന്ന് 4 കോടി രൂപയും ലാബിനും ലൈബ്രറിക്കുമായി ഒരു കോടി രൂപയും അനുവദിച്ചു.

പട്ടികാട് ഗവ. എൽപി സ്കൂളിന് പുതിയ കെട്ടിടത്തിന് എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടി, സംസ്ഥാന കായിക വകുപ്പിന്റെ സ്റ്റേഡിയം നിർമ്മാണത്തിന് 3 കോടി തുടങ്ങി ഒമ്പത് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2023 മാർച്ചിൽ പട്ടിക്കാട് ഗവ ഹയർ സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവൃത്തികങ്ങൾ അടുത്ത മേയിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയത്തിൽ ഇലവൻസ് മഡ് ഫുട്ബോൾ കോർട്ട്, ഓപ്പൺ ജിം, ഓഫീസ് ബിൽഡിംഗ്, ടോയ്ലറ്റ് ആൻഡ് ചെയ്ഞ്ചിംഗ് റൂം എന്നിവ ഒരുക്കും. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല.