ജൈവഅധിനിവേശം ഗുരുതര ഭീഷണി: മുഖ്യമന്ത്രി

post

അധിനിവേശ ഇനങ്ങളുടെ വ്യാപനത്തിലൂടെ പ്രാദേശിക ജൈവ വൈവിധ്യങ്ങളില്ലാതാകുന്ന സാഹചര്യം ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൈവ വൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ ജൈവ അധിനിവേശം - പ്രവണത, വെല്ലുവിളി, നിർവഹണം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ കോൺഫറൻസ് കോവളം ക്രാഫ്റ്റ് വില്ലേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


കാലാവസ്ഥാ വ്യതിയാനം ആഗോളതാപനം തുടങ്ങി വിവിധ വെല്ലുവിളികളാൽ ജൈവ വൈവിധ്യത്തിൽ കുറവുണ്ടാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അധിനിവേശ സ്പീഷീസുകളുടെ കടന്നുവരവോടെ ആരോഗ്യം, പ്രാദേശിക ജൈവവൈവിധ്യം, പ്രകൃതിയുടെ സന്തുലനാവസ്ഥ എന്നിവയിൽ ദോഷകരമായ മാറ്റങ്ങളുണ്ടാകുന്നു. പ്രാദേശിക സ്പീഷീസുകളെ ഇല്ലാതാക്കുകയും കൃഷി, വനം, മത്സ്യ മേഖലകളിൽ മനുഷ്യരുടെ ഉപജീവനത്തെപ്പോലും ബാധിക്കുന്ന രീതിയിൽ ജൈവ അധിനിവേശം വ്യാപിക്കുകയാണ്. ജലാശയങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് ഇതിന് വലിയ വില നൽകേണ്ടി വരുന്നു. മത്സ്യ സമ്പത്തുകൾ ഇല്ലാതാവുകയും ദോഷകരമായ ജലസസ്യങ്ങൾ വ്യാപിക്കുകയും ചെയ്യുന്ന അവസ്ഥ നിലവിലുണ്ട്. രാജ്യാന്തരതലത്തിൽ തന്നെ ഇത് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് ലോകരാഷ്ട്രങ്ങൾ മുൻകൈയെടുക്കണം. സംസ്ഥാന തലത്തിൽ ഇതിനാവശ്യമായ ജൈവ അധിനിവേശത്തെ നിയന്ത്രിക്കുന്നതിനാവശ്യമായ നയം രൂപീകരണത്തിന് കേരളം സന്നദ്ധമായിരിക്കുകയാണ്.


ജനകീയ പങ്കാളിത്തത്തോടുകൂടി ജൈവവൈവിധ്യ കമ്മറ്റികൾ രൂപീകരിച്ചുകൊണ്ട് ജൈവവൈവിധ്യ മേഖലയിൽ വളരെയധികം മുന്നോട്ടു പോയ സംസ്ഥാനമാണ് കേരളം.ജനകീയ രജിസ്റ്ററുകളിൽ നമ്മുടെ ജൈവവൈവിധ്യ സമ്പത്തുകൾ രേഖപ്പെടുത്തിക്കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. മഞ്ഞക്കൊന്ന, ആഫ്രിക്കൻ ഒച്ചുകൾ എന്നിവയുടെ വ്യാപനവും നാം നേരിടുന്ന വെല്ലുവിളിയാണ്. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുൾപ്പെടെ പ്രകൃതിയുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വൺ ഹെൽത്ത് പദ്ധതിയും കേരളം നടത്തി വരുന്നു. ജൈവ അധിനിവേശം പ്രതിരോധിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സുപ്രധാന പങ്കാണ് വഹിക്കാനുള്ളത്. ക്ഷീരവികസനം, കൃഷി, വനം, മൽസ്യബന്ധനം തുടങ്ങി വിവിധ വകുപ്പുകളും ഏകോപനത്തിനായി തയാറാകണം. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ രണ്ടാം ഘട്ടമായി ജനകീയ രജിസ്റ്റർ 

തയ്യാറാക്കുകയാണ്. നൂറിലധികം ശാസ്ത്രഞ്ജർ പങ്കെടുക്കുന്ന കോൺഫറൻസിൽ നിന്നും മികച്ച നിർദേശങ്ങളും ആശയങ്ങളും സംസ്ഥാന ഗവൺമെന്റ് പ്രതീക്ഷിക്കുന്നു.


കോൺഫറൻസിന്റെ തുടർച്ചയെന്ന നിലയിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അധിനിവേശ സ്പീഷീസുകളുടെ സ്ഥിതിവിവരങ്ങളും അവയെ നിയന്ത്രിക്കുന്നതിനാവശ്യമായ തന്ത്രങ്ങളും ആവിഷ്‌ക്കരിക്കും. വിവിധ ആശയങ്ങളുടെ പങ്കു വെക്കലിലൂടെ ജൈവ വൈവിധ്യം നിലനിർത്തുന്നതിനും അധിനിവേശ സ്പീഷിസുകളെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾക്കും കരുത്ത് പകരാൻ കോൺഫറൻസിന് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

Cm